ടൗണിലൊക്കെ കറങ്ങി വീട്ടിലേക്ക് തിരിച്ച അധ്യാപകനെ ഞെട്ടിച്ച് ആ ‘സഹയാത്രികൻ’; 12 കിലോമീറ്ററോളം ബൈക്കിന്റെ ഹാൻഡിലിൽ കൂട്ടിരുന്നത് ഉഗ്രവിഷമുള്ള അണലി

ഈ 'വിഷസഹയാത്രികൻ' 12 കിലോമീറ്റർ ദൂരമാണ് അധ്യാപകന്റെ കൂടെ കൂടിയത്.

കൊളത്തൂർ: വീട്ടിൽ നിന്നും പെരിന്തൽമണ്ണയിലേക്കും പരിസരങ്ങളിലേക്കുമെല്ലാം സഞ്ചരിച്ച അധ്യാപകന്റെ ബൈക്കിൽ സഹയാത്രികനായി ഉഗ്രവിഷമുള്ള അണലി പാമ്പ്. ഈ ‘വിഷസഹയാത്രികൻ’ 12 കിലോമീറ്റർ ദൂരമാണ് അധ്യാപകന്റെ കൂടെ കൂടിയത്.

ചീരമ്പത്തൂർ സ്വദേശി സുനിലിനൊപ്പമാണ് പാമ്പ് കൂടെ കൂടിയത്. പെരിന്തൽമണ്ണയിൽ പോയി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുനിൽ. കൊളത്തൂർ ഓണപ്പുടയിലെത്തിയപ്പോഴാണ് ടൗണിലെ തെരുവു വിളക്കുകളുടെ വെളിച്ചത്തിൽ ബൈക്കിന്റെ ഹാൻഡിലിൽ എന്തോ തൂങ്ങി കിടക്കുന്നത് സുനിലിന്റെ ശ്രദ്ധയിൽ പെട്ടത്.

ഇത് അണലി പാമ്പാണെന്ന് തിരിച്ചറിഞ്ഞതോടെ ബൈക്ക് നിർത്തി സുനിൽ ചാടിയിറങ്ങുകയായിരുന്നു. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെയാണ് ബൈക്കിൽനിന്നും ഒടുവിൽ പാമ്പിനെ നീക്കം ചെയ്തത്.

Exit mobile version