ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ ഉത്തമമാര്‍ഗമായി ആംബുലന്‍സ്; നടപടിയുമായി മോട്ടോര്‍വാഹനവകുപ്പ്

വിവരമറിഞ്ഞെത്തിയ മോട്ടോര്‍വാഹന വകുപ്പ് സംഭവത്തില്‍ കേസെടുത്ത് പിഴ ചുമത്തി

തൃശ്ശൂര്‍: ട്രാഫിക്കില്‍ നിന്നും രക്ഷപ്പെടാന്‍ ആംബുലന്‍സിനെ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തി.
തൃശ്ശൂരിലെ ഒരു മെഡിക്കല്‍ കോളേജില്‍ നിന്ന് നഴ്‌സിങ് കോളേജിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കാനായാണ് ആംബുന്‍സ് ഉപയോഗിച്ചത്. വിവരമറിഞ്ഞെത്തിയ മോട്ടോര്‍വാഹന വകുപ്പ് സംഭവത്തില്‍ കേസെടുത്ത് പിഴ ചുമത്തി.

നഴ്‌സിങ് കോളേജിലേക്ക് വൈകീട്ട് 4.50-ന് സ്ഥിരമായി ആംബുലന്‍സ് പോകുന്നുവെന്ന വിവരം ലഭിച്ചിരുന്നു തുടര്‍ന്നാണ് മോട്ടോര്‍വാഹനവകുപ്പ് പരിശോധനയ്‌ക്കെത്തിയത്. ആംബുലന്‍സിനെ പിന്തുടര്‍ന്നെത്തിയ
അധികൃതര്‍ ആംബുലന്‍സില്‍ നിന്നും ഇറങ്ങിയത് അത്യാഹിതക്കാരായിരുന്നില്ല, ഹോസ്റ്റലിലേക്ക് പോയ 12 വിദ്യാര്‍ഥിനികളാണെന്ന് കണ്ടെത്തി.

ജീവകാരുണ്യ സ്ഥാപനത്തിന്റെ പേരിലുള്ള വാഹനമായിരുന്നതിനാല്‍ റോഡ് നികുതി ഇളവും ഇവര്‍ക്ക് കിട്ടിയിരുന്നു. രോഗികള്‍ക്ക് വേണ്ടിയുള്ള വണ്ടി ഇതേവരെ അത്യാഹിതങ്ങള്‍ക്കായി ഒന്നും വിനിയോഗിച്ചിട്ടില്ല. ഈ വണ്ടി സ്ഥിരമായി വിദ്യാര്‍ഥികളെ കൊണ്ടുപോകാനും കൊണ്ടുവരാനുമാണ് ഓടുന്നത്.

യാത്രയ്ക്കുമുന്‍പ് ഒന്നു മിനുങ്ങാനായി ബാറില്‍ കയറി വൈകിയ മെഡിക്കല്‍ റെപ്രസന്റേറ്റീവിന് തീവണ്ടി പിടിക്കാന്‍ ട്രാഫിക്കില്‍ നിന്നും രക്ഷപ്പെടാനായി ഉത്തമമാര്‍ഗമായി കണ്ടെത്തിയതും ആംബുലന്‍സിനെ തന്നെ. ലൈറ്റിട്ട്, അലാറമിട്ട് വേഗത്തില്‍ പായുന്ന ആംബുലന്‍സിന് എല്ലാവരും വഴിമാറിയതിനാല്‍ യാത്ര സുഖമായി.

മറ്റൊരാള്‍ പിഎസ്‌സി പരീക്ഷദിനത്തിലെ ഗതാഗതക്കുരുക്ക് മുന്നില്‍ക്കണ്ട് ആംബുലന്‍സ് മുന്‍കൂര്‍ ബുക്ക് ചെയ്തു. വൈകിയിറങ്ങി കൃത്യസമയത്ത് പരീക്ഷയ്‌ക്കെത്തുകയും ചെയ്തു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇന്ന് പെരുകി വരികയാണ്. പുറമേനിന്നുള്ള കാഴ്ച മറയ്ക്കുന്ന വാഹനമായാലും അത്യാഹിതക്കാരാണ് ഉള്ളിലുള്ളതെന്നതിനാലും പോലീസ് ആംബുലന്‍സ് പരിശോധിക്കാറില്ല. അതാണ് സ്വകാര്യ ആംബുലന്‍സുകാര്‍ മുതലെടുക്കുന്നത്.

Exit mobile version