ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന: പിടിച്ചെടുത്തത് ആഴ്ചകള്‍ പഴകിയ 45 കിലോ മാംസം

കൊച്ചി: മിന്നല്‍ പരിശോധനയില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പിടികൂടിയത് ആഴ്ചകള്‍ പഴകിയ 45 കിലോ മാംസം. കോലഞ്ചേരി പൂത്തൃക്ക കോട്ടൂര്‍ പാറേക്കാട്ടിക്കവലയിലെ കോള്‍ഡ് സ്റ്റോറേജില്‍ നിന്നാണ് പഴകിയ മാംസം പിടികൂടിയത്.

മാസങ്ങളായി ശുചീകരണം നടത്താതെ അഴുകിയ മാംസമാലിന്യങ്ങളും ചോരയും അടിഞ്ഞുകൂടി രോഗാണുസംക്രമണ സാധ്യതയ്ക്ക് ഇടയാക്കുന്ന തരത്തിലുള്ള ഫ്രീസറിലാണ് മാംസം സൂക്ഷിച്ചിരുന്നത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചു വന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡും ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ ബോധ്യമായതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

കോലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമായി ഹോട്ടലുകളിലും ബേക്കറികളിലും ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പൊതുജനാരോഗ്യ മാനദണ്ഡങ്ങള്‍ അവഗണിച്ചു കൊണ്ട് പ്രവര്‍ത്തിച്ചു വന്ന വിവിധ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു.

കാലഹരണപ്പെട്ട ലൈസന്‍സുമായി പ്രവര്‍ത്തിക്കുക, മാസങ്ങളായി അടുക്കള ശുചിയാക്കാതിരിക്കുക, മാലിന്യസംസ്‌കരണസംവിധാനം ഇല്ലാതിരിക്കുക, പുകയില വിരുദ്ധ ബോര്‍ഡ് സ്ഥാപിക്കാതിരിക്കുക എന്നീ പോരായ്മകള്‍ പരിഹരിക്കുന്നതിനു വേണ്ടി 8 സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കി. നോട്ടീസ് കാലാവധിക്ക് ശേഷം ഈ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ വീണ്ടും വിലയിരുത്തല്‍ പരിശോധന നടത്തും.

കൂടാതെ നാലു ഹോട്ടലുകളില്‍ നിന്നും വില്‍്പനയ്ക്കായി രഹസ്യമായി സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു നശിപ്പിച്ചു. വിവിധ സ്ഥാപനങ്ങളിലായി 30 തൊഴിലാളികളെ പരിശോധിച്ചതില്‍ 16 പേരും ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെയാണ് ഭക്ഷണം കൈകാര്യം ചെയ്തിരുന്നത് എന്ന് കണ്ടെത്തി.

ത്വക് രോഗവുമായി പാചകവൃത്തിയിലേര്‍പ്പെട്ടിരുന്ന മൂന്നു പേരെ ഭക്ഷണം കൈകാര്യം ചെയ്യുന്നതില്‍ നിന്നും വിലക്കി. മുന്‍പ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ട രണ്ടു ഹോട്ടലുകള്‍ക്ക് പിഴ ചുമത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെകെ സജിയുടെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സിഎ സതീഷ്‌കുമാര്‍, കെകെ സജീവ്, എസ് നവാസ്, പിഎസ് ലിസ്സി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

പൊതുജനാരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഭക്ഷണ-പാനീയ വില്‍്പന കേന്ദ്രങ്ങള്‍ക്കെതിരെ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.അരുണ്‍ ജേക്കബ് അറിയിച്ചു.

Exit mobile version