പാലാ ഉപതെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക ഇന്ന് മുതല്‍ സമര്‍പ്പിക്കാം

ഉപതെരഞ്ഞെടുപ്പിനായി 176 പോളിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചു

കോട്ടയം: കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന പാലാ നിയമസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞടുപ്പിനുള്ള വിജ്ഞാപനം ഇന്ന് ഇറങ്ങും. ബുധനാഴ്ച മുതല്‍ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ പികെ സുധീര്‍ ബാബു അറിയിച്ചു.

സെപ്തംബര്‍ നാല് വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രികയുടെ സൂഷ്മപരിശോധന സെപ്തംബര്‍ അഞ്ചിന് നടക്കും. സെപ്തംബര്‍ ഏഴ് വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാം. സെപ്റ്റംബര്‍ 23-നാണ് ഉപതെരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ 27ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. ഉപതെരഞ്ഞെടുപ്പിനായി 176 പോളിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചു. വോട്ടിംഗ് യന്ത്രവും വിവിപാറ്റ് മെഷീനുകളും ഉപയോഗിച്ചാകും തെരഞ്ഞെടുപ്പ്.

അതെസമയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തിരക്കിട്ട ചര്‍ച്ചകളിലാണ് മുന്നണികള്‍. ഒരു മുന്നണിയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇടതുമുന്നണി ഇന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. എല്‍ഡിഎഫ് യോഗത്തിന് ശേഷമാകും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. മാണി സി കാപ്പന്‍ തന്നെ മത്സരിക്കാനാണ് സാധ്യത. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനമെടുക്കാനായി എന്‍സിപിയും യോഗം ചേരും.

അതേസമയം, ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രവര്‍ത്തക സമിതി ഇന്ന് ചേരും. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് എമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ യുഡിഎഫിന് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനായിട്ടില്ല.

Exit mobile version