അധികാരികൾ കനിഞ്ഞു; സാജന്റെ പാർഥാ കൺവെൻഷൻ സെന്ററിന് ശാപമോക്ഷം; വിവാഹത്തോടെ തുടക്കം, 15 ബുക്കിങും

പാർഥാ കൺവെൻഷൻ സെന്ററിന് ശാപമോക്ഷമായി.

കണ്ണൂർ: പാർഥാ കൺവെൻഷൻ സെന്ററിന് ശാപമോക്ഷമായി. പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയോടെ വിവാദമായ ബക്കളത്തെ പാർഥാ കൺവൻഷൻ സെന്ററിന് വിവാഹചടങ്ങോടെ ശുഭാരംഭം. ലൈസൻസ് ലഭിച്ചതിനുശേഷമുള്ള ആദ്യ വിവാഹച്ചടങ്ങ് ഞായറാഴ്ച നടന്നു.

സാജന്റെ ബന്ധുവിന്റെ വിവാഹം തന്നെയായിരുന്നു ആദ്യത്തേത്. ഈ വിവാഹമുൾപ്പടെ 15 പരിപാടികൾക്ക് ഇതുവരെ ബുക്കിങ് ലഭിച്ചുകഴിഞ്ഞു. നഗരസഭയുടെ ഒക്കുപ്പെൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മുൻപു തന്നെ കൺവൻഷൻ സെന്ററിൽ ഏതാനും വിവാഹച്ചടങ്ങുകൾ നടന്നിരുന്നു. എന്നാൽ പ്രശ്‌നമായതോടെ സാജന്റെ ആത്മഹത്യയും രാഷ്ട്രീയ വിവാദങ്ങളും ഉണ്ടാവുകയായിരുന്നു.

സാജന്റെ ആത്മഹത്യ സംബന്ധിച്ച കേസന്വേഷണം എവിടെയുമെത്തിയില്ലെങ്കിലും നിബന്ധനകൾക്കു വിധേയമായി കൺവൻഷൻ സെന്ററിന് ആന്തൂർ നഗരസഭ ഒക്കുപ്പെൻസി സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു. ഇതിനുശേഷമുള്ള ആദ്യത്തെ ചടങ്ങായിരുന്നു ഞായറാഴ്ച നടന്നത്. പുതിയ തുടക്കമെന്ന നിലയിൽ രണ്ടുദിവസം മുമ്പ് പൂജാ ചടങ്ങുകളും നടത്തിയിരുന്നു.

Exit mobile version