പാലാ ഉപതെരഞ്ഞെടുപ്പ്; കോട്ടയത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

സെപ്റ്റംബര്‍ 23ന് തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്.

കോട്ടയം: കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന പാലാ നിയോജകമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ കോട്ടയം ജില്ലയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണവും നേതാക്കളുടെ പ്രസംഗങ്ങളും പൊതുയോഗങ്ങളുമെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകര്‍ സൂഷ്മമായി വിലയിരുത്തും.

തെരഞ്ഞെടുപ്പ് കഴിയും വരെ ജില്ലയില്‍ സര്‍ക്കാര്‍ പരിപാടികളില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ മറ്റു ജനപ്രതിനിധികളോ പങ്കെടുക്കില്ല. നിര്‍ണായകമായ ഭരണതീരുമാനങ്ങളും മാറ്റങ്ങളും നടപ്പാക്കുന്നതും തല്‍കാലികമായി നിര്‍ത്തി വയ്ക്കണം. സര്‍ക്കാരുകളുടെ ഭരണനേട്ടങ്ങള്‍ ഒരു തരത്തിലും പൊതു മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാന്‍ പാടുള്ളതല്ല.

മന്ത്രിമാരും മറ്റു അധികാരികളോ ഒരു തരത്തിലുമുള്ള പ്രഖ്യാപനങ്ങളോ, സാമ്പത്തികമായ ഗ്രാന്‍ഡുകളോ, ഉറപ്പുകളോ നല്‍കാന്‍ പാടുള്ളതല്ല. സര്‍ക്കാരിന്റെ ഒരു വിധ കാര്യങ്ങളും പ്രചരണത്തിന് ഉപയോഗിക്കാനും പാടില്ല. എംപിമാരുടെയും മന്ത്രിമാരുടെയും ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ ഒരിക്കലും പ്രചരണ പരിപാടികള്‍ക്കോ പാര്‍ട്ടി പരിപാടികള്‍ക്കോ ഉപയോഗിക്കാനും പാടുള്ളതല്ല.

കൂടാതെ ജാതി-വര്‍ഗ്ഗീയ വേര്‍തിരിവോടെ നടത്തുന്ന പ്രസ്താവനകള്‍ പാടില്ല. പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന് മുന്‍പ് പോലീസിന്റെ അനുമതി തേടണം. രാത്രി പത്ത് മണിക്ക് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണം പാടില്ല.

എതിരാളികളുടെ കോലങ്ങള്‍ നിര്‍മ്മിക്കാനോ കത്തിക്കാനോ അനുവദിക്കുന്നതല്ല. ഒരേ റൂട്ടില്‍ രണ്ട് എതിര്‍ പാര്‍ട്ടിക്കാര്‍ റാലി നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ പരസ്പരം അഭിമുഖീകരിക്കാത്ത തരത്തില്‍ വേണം റാലി നടത്താന്‍. പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനോ, ഉറപ്പില്ലാതെ വിവരങ്ങള്‍ അടിസ്ഥാനമാക്കി ആരോപണം ഉന്നയിക്കാനോ പാടില്ല.

കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന പാലാ സീറ്റിലേക്ക് സെപ്റ്റംബര്‍ 23ന് തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്.

ഈ മാസം 28 മുതല്‍ അടുത്തമാസം നാലാം തീയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന അഞ്ചാം തീയതിയും, പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏഴിനുമായിരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.സെപ്റ്റംബര്‍ 27ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

Exit mobile version