എടിഎം മെഷീന്‍ അടര്‍ത്തിയെടുത്ത് പണം കവരാന്‍ ശ്രമം; ,സംഭവം പോലീസ് സ്‌റ്റേഷന് അടുത്ത്

മെഷീന്‍ പിന്നീട് കെട്ടിടത്തിന്റെ പിറകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: എടിഎം കൗണ്ടറില്‍ നിന്നും മെഷീന്‍ അടര്‍ത്തിയെടുത്ത് പണം കവരാന്‍ ശ്രമം. മൂവാറ്റുപുഴ – തൊടുപുഴ റോഡരികില്‍ വാഴക്കുളം കല്ലൂര്‍ക്കാട് കവലയ്ക്കു സമീപമുള്ള ഫെഡറല്‍ ബാങ്കിന്റെ എടിഎം ആണ് മോഷ്ടാക്കള്‍ തകര്‍ത്തത്. മെഷീന്‍ പിന്നീട് കെട്ടിടത്തിന്റെ പിറകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. പോലീസ് സ്റ്റേഷന് 280 മീറ്റര്‍ മാത്രം അകലെയുളള എടിഎം കൗണ്ടറാണ് മോഷ്ടാക്കള്‍ തകര്‍ത്തത്. മുഖംമൂടിയും കയ്യുറകളും ധരിച്ച 3 യുവാക്കളടങ്ങിയ സംഘമാണ് കവര്‍ച്ചാശ്രമത്തിന് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

എടിഎമ്മിന് കാവല്‍ക്കാരന്‍ ഉണ്ടായിരുന്നില്ല. കമ്പിപ്പാരയുമായി എടിഎം കൗണ്ടറിന്റെ വാതില്‍ തുറന്നെത്തിയ മോഷ്ടാക്കള്‍ ആദ്യ ക്യാമറ തകര്‍ത്തു. പിന്നീട് പാര ഉപയോഗിച്ച് കൗണ്ടറില്‍ നിന്നു മെഷീന്‍ അടര്‍ത്തിയെടുത്തു. എന്നാല്‍ മെഷീന്‍ തകര്‍ക്കാന്‍ കഴിയാതെ വന്നതോടെ ശ്രമം ഉപേക്ഷിക്കുകയും മെഷീന്‍ കെട്ടിടത്തിന് പിന്നിലായി കൊണ്ട് ഇടുകയും ചെയ്തുവെന്നാണ് പോലീസിന്റെ നിഗമനം.

കാഷ് ഡിപ്പോസിറ്റ് മെഷീനും (സിഡിഎം) തകര്‍ക്കാനുള്ള ശ്രമം നടന്നിരുന്നു. പുറംചട്ട തകര്‍ത്തെങ്കിലും ഇത് പൂര്‍ണമായി പൊളിക്കാനുള്ള ശ്രമവും പരാജയപ്പെടുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തും.

Exit mobile version