മകന്റെ ഹൃദയ ചികിത്സയ്ക്ക് സ്വരുക്കൂട്ടിയയുടെ ഒരു പങ്ക് ദുരിതാശ്വാസ നിധിയിലേക്ക്; ഹൃദയം കീഴടക്കി അഷ്‌റഫ്

മിഖ്ദാദിന് പതിനഞ്ച് വയസ്സ് വരെ ചികിത്സ തുടരണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

കോഴിക്കോട്: ഏത് പ്രളയത്തേയും നേരിടാനുള്ള കരുത്ത് കേരളത്തിനുണ്ടെന്ന് തെളിയിച്ച് അഷ്‌റഫിനെ പോലുള്ള പിതാക്കന്മാർ. മകന്റെ ഹൃദയ ചികിത്സയ്ക്ക് സുഹൃത്തുക്കളുടേയും മറ്റും സഹായത്തോടെ സ്വരുക്കൂട്ടിയ തുകയുടെ ഒരു പങ്ക് ദുരിതബാധിതർക്ക് പകുത്തുനൽകി മാതൃകയായിരിക്കുകയാണ് കൊടുവള്ളി എരഞ്ഞിക്കോത്ത് സ്വദേശി അഷ്‌റഫ്.

മകൻ മിഖ്ദാദിന്റെ ഹൃദ്രോഗ ചികിത്സക്ക് സ്വരുക്കൂട്ടിയ പണത്തിന്റെ ഒരുഭാഗവുമായി കോഴിക്കോട് കളക്ട്രേറ്റിലെത്തി ജില്ലാകളക്ടർ സാംബശിവ റാവുവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി കൈമാറിയിരിക്കുകയാണ് അഷ്‌റഫ്. ചെക്കാണ് കൈമാറിയത്.

‘നിരവധി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മകന്റെ ചികിത്സ നടക്കുന്നത്. അതിൽ നിന്നും ഒരുപങ്ക് ദുരിതമനുഭവിക്കുന്നവർക്ക് നൽകുന്നതിൽ സന്തോഷമേ ഉള്ളൂ’.- അഷ്‌റഫ് പൂർണ്ണമനസോടെ പറയുന്നു. ജന്മനാ ഹൃദയസംബന്ധമായ അസുഖമുള്ള മിഖ്ദാദ് ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ഇതിനോടകം മൂന്ന് ശസ്ത്രക്രിയകളാണ ്ഈ ഒമ്പതുകാരന് നേരിടേണ്ടി വന്നത്. മുക്കം പ്രതീക്ഷ സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിയാണ് മിഖ്ദാദ്. മിഖ്ദാദിന് പതിനഞ്ച് വയസ്സ് വരെ ചികിത്സ തുടരണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. എല്ലാ മാസവും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തി ഹൃദയാരോഗ്യം മെച്ചപ്പെടുന്നുണ്ടോ എന്നറിയാൻ പരിശോധനയുമുണ്ട്.

പ്രവാസികളുടെ സഹായത്തോടെയാണ് ഒമ്പത് വർഷമായി കുട്ടിക്ക് ചികിത്സ നടത്തുന്നത്. പണം നൽകുന്നതറിഞ്ഞപ്പോൾ സംസാര ശേഷിയില്ലാത്ത മിഖ്ദാദിനും സന്തോഷമായെന്ന് അഷ്‌റഫ് പറയുന്നു. പണം കൂടുതൽ ആയതുകൊണ്ടല്ല, മ്മളേക്കാൾ ദുരിതം പേറുന്നവർ ഉണ്ടല്ലോ എന്ന് ഓർത്തപ്പോൾ ഒരു പങ്ക് നൽകണം എന്നു തോന്നിയെന്നും ആ സത്പ്രവർത്തി മറ്റുള്ളവർക്ക് ഒരു പ്രചോദനമാകുമെന്നും അഷ്‌റഫ് പറയുന്നു.

Exit mobile version