സഹായഹസ്തം നീട്ടി കെഎസ്എഫ്ഇ ജീവനക്കാർ; ശമ്പളത്തിൽ നിന്നും ഒന്നര കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കരുതെന്ന ക്യാപെയ്‌നുകളെ വകവെയ്ക്കാതെ ധനസഹായം ഒഴുകുകയാണ് അക്കൗണ്ടിലേക്ക്. ഇതിനിടെ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സാന്ത്വനമേകാൻ കെഎസ്എഫ്ഇ ജീവനക്കാരും രംഗത്ത്. കെഎസ്എഫ്ഇയിലെ ഏഴായിരത്തോളം ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുമെന്ന് അറിയിച്ചു. 1.21 കോടിയോളം രൂപയാണ് ഇത്തരത്തിൽ സമാഹരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് അയക്കുകയെന്ന് ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസും മാനേജിങ് ഡയറക്ടർ എം പുരുഷോത്തമനും അറിയിച്ചു.

മഴക്കെടുതി മുൻനിർത്തി കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെയും ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലെയും പ്രശ്നബാധിതർക്ക് ഓഗസ്റ്റ് മാസത്തെ ചിട്ടി തവണ അടയ്ക്കാനുള്ള തീയതി 31 വരെ നീട്ടി. ഡിവിഡന്റ് ആനുകൂല്യത്തോടു കൂടി പണമടയ്ക്കാം. ഈ ദിവസം വരെയുള്ള പിഴപ്പലിശയും ഒഴിവാക്കി.

കഴിഞ്ഞ പ്രളയത്തിലും ദുരിതക്കയത്തിൽ മുങ്ങിയവർക്കു താങ്ങായി രണ്ടു ദിവസത്തെ ശമ്പളമാണ് ആദ്യം കെഎസ്എഫ്ഇ ജീവനക്കാർ നൽകിയത്. സാലറി ചാലഞ്ചിലും പങ്കെടുത്തു. ഇങ്ങനെ 34 കോടിയും കമ്പനി എന്ന നിലയിൽ 10 കോടിയും സർക്കാരിനു നൽകി. കൂടാതെ അവശ്യവസ്തുക്കളും വിതരണം ചെയ്തു. കഴിഞ്ഞ വർഷം ആകെ 50 കോടിയോളം രൂപ ദുരിതാശ്വാസമായി നൽകിയെന്നും കെഎസ്എഫ്ഇ അറിയിച്ചു.

Exit mobile version