വായില്‍ കുടുങ്ങിയ ചൂണ്ടയുമായി ദുരിതാശ്വാസ ക്യാംപിലെത്തിയ നായക്ക് ശസ്ത്രക്രിയ നടത്തി

ചെന്നിത്തല സൗത്ത് എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലാണ് വേദനകൊണ്ട് പുളഞ്ഞ റോക്കി എത്തിയത്

മാന്നാര്‍: വായില്‍ കുടുങ്ങിയ ചൂണ്ടയുമായി ദുരിതാശ്വാസ ക്യാംപിലെത്തിയ വളര്‍ത്തുനായെ ശസ്ത്രക്രിയ നടത്തി ചൂണ്ട പുറത്തെടുത്തു. 17-ാം വാര്‍ഡില്‍ കൈയ്യാലയ്ക്കത്ത് സുധാകരന്റെ ലാബര്‍ഡോര്‍ ഇനത്തില്‍പെട്ട അഞ്ച് വയസുള്ള റോക്കി എന്ന വളര്‍ത്തുനായയുടെ വായിലാണ് ചൂണ്ട കുടുങ്ങിയത്. ചെന്നിത്തല സൗത്ത് എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലാണ് വേദനകൊണ്ട് പുളഞ്ഞ റോക്കി എത്തിയത്. മീന്‍ പിടിക്കാനായി കോഴിയുടെ അവശിഷ്ടങ്ങള്‍ ചൂണ്ടയില്‍ കുടുക്കിയിരുന്നു.

തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയില്‍ ചൂണ്ടയില്‍ കുടുങ്ങിയ കോഴിയുടെ അവശിഷ്ടങ്ങള്‍ നായ കഴിക്കുകയും ചൂണ്ട വായില്‍ കുടുങ്ങുകയുമായിരുന്നു. ശേഷം വേദന സഹിച്ച് ദുരിതാശ്വാസ ക്യാംപിലെത്തിയ നായ ഭക്ഷണം കഴിക്കാതെ അവശനായി കിടന്നു. സുധാകരന്റെ ഭാര്യ ഗീത ചോറുമായി എത്തി റോക്കിയെ വിളിച്ചങ്കെിലും അനക്കമുണ്ടായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് റോക്കിയുടെ വായില്‍ ചൂണ്ട കുടുങ്ങിയത് ശ്രദ്ധയില്‍ പെട്ടത്.

ഉടന്‍ തന്നെ വിവരം മൃഗാശുപത്രിയില്‍ അറിയിച്ചു. ബുധനാഴ്ച രാവിലെയോടെ ക്യാംപിലെത്തിയ ഡോ എല്‍ സ്മിത റോക്കിയെ പരിശോധിച്ചു. തുടര്‍ന്ന് മയങ്ങാനുള്ള കുത്തിവെപ്പ് എടുത്തതിന് ശേഷം ഒരുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്കൊടുവില്‍ റോക്കിയുടെ വായില്‍ കുടുങ്ങിയ ചൂണ്ട പുറത്തെടുത്തത്. ജെ ശ്രീലത, ഐ ജ്യോതി ലക്ഷ്മി, സി ജാരിസ, കെപി കാര്‍ത്ത്യായിനി എന്നിവരും ഡോക്ടറോടൊപ്പം ഉണ്ടായിരുന്നു.

Exit mobile version