കണ്ണീര്‍ തോരാതെ കവളപ്പാറയും പുത്തുമലയും; തെരച്ചില്‍ ഇന്നും തുടരും, മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നത് 36 പേര്‍

കവളപ്പാറ: ഉരുള്‍പ്പൊട്ടലില്‍ ദുരന്തം വിതച്ച കവളപ്പാറയിലും പുത്തുമലയിലും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി ഇന്നും തെരച്ചില്‍ തുടരും. നിലമ്പൂര്‍ കവളപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ രാവിലെ തന്നെ ആരംഭിച്ചു. പതിന്നാല് മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുക. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വന്‍ തോതില്‍ മണ്ണിടിഞ്ഞ പ്രദേശം നാല് ഭാഗമായി തിരിച്ചാണ് തെരച്ചില്‍ നടത്തുക.

ഇനിയും 29 പേരെയാണ് കവളപ്പാറയില്‍ നിന്ന് കണ്ടെത്താനുള്ളത്. ഇതുവരെ 30 പേരുടെ മൃതദേഹം കിട്ടിയിരുന്നു. അതേസമയം പുത്തുമലയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ഇന്ന് പ്രത്യേകം തെരച്ചില്‍ നടത്തും.

പുത്തുമലയില്‍ ഇനി ഏഴുപേരെ കൂടിയാണ് കണ്ടെത്താനുള്ളതെന്നാണ് അധികൃതരുടെ കണക്ക്. ഇതുവരെ പത്ത് മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ലഭിച്ചത്. നാട്ടുകാര്‍ പറഞ്ഞ സാധ്യതകള്‍ക്ക് അനുസരിച്ചായിരുന്നു ഏക്കറുകണക്കിന് വരുന്ന ഭൂമിയില്‍ കഴിഞ്ഞ മൂന്ന് ദിവസവും രക്ഷാപ്രവര്‍ത്തകര്‍ മണ്ണുമാന്തി ഉപയോഗിച്ച് തെരച്ചില്‍ നടത്തിയത്. മനുഷ്യര്‍ കുടുങ്ങിക്കിടക്കുന്നയിടം പ്രവചിച്ച് ഭൂപടം തയ്യാറാക്കിയും പുത്തുമലയില്‍ ഇന്നലെ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

അതേസമയം കനത്ത മഴയെ തുടര്‍ന്ന് പ്രദേശം ഇതിനോടകം തന്നെ ചതുപ്പായിക്കഴിഞ്ഞു. പലപ്പോഴും മണ്ണുമാന്തിയന്ത്രങ്ങള്‍ ചതുപ്പില്‍ പുതഞ്ഞു പോവുന്നത് രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സ്‌കാനറുകള്‍ അടക്കമുള്ള സാങ്കേതിക വിദ്യയൊന്നും പുത്തുമലയില്‍ പ്രാവര്‍ത്തികമല്ലെന്നാണ് ദുരന്തനിവാരണ സേന പറയുന്നത്. പാറക്കല്ലുകളും മരത്തടികളും നിറഞ്ഞ ദുരന്തഭൂമിയില്‍ സ്‌കാനറുകള്‍ പരാജയപ്പെടുമെന്നാണ് നിഗമനം. എറണാകുളത്ത് നിന്ന് മണം പിടിച്ച് മൃതദേഹം കണ്ടെത്തുന്ന നായകളെ കൊണ്ടുവന്ന് തെരച്ചില്‍ നടത്താനാണ് അധികൃതരുടെ ശ്രമം.

അതേസമയം സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളില്‍ മഴയുടെ ശക്തി കുറയുമെന്നാണ് പ്രവചനം. ഇന്ന് ഒരുസ്ഥലത്തും റെഡ് അലര്‍ട്ടില്ല. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മാത്രമാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. വയനാട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Exit mobile version