മകന്റെ കാന്‍സര്‍ ചികിത്സയ്ക്കായി സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക്; കുഞ്ഞിന് ആര്‍സിസിയില്‍ ചികിത്സ ഉറപ്പ് നല്‍കി ഷൈലജ ടീച്ചരുടെ കരുതല്‍

അടൂര്‍: വ്യാജപ്രചാരണങ്ങള്‍ക്കിടയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സുമനസ്സുകളുടെ സഹായം എത്തുകയാണ്. പ്രളയബാധിതരെ ഉയര്‍ത്തിയെഴുന്നേല്‍പ്പിക്കാന്‍ കേരളം ഒറ്റക്കെട്ടാണെന്നതിന്റെ ഉദാഹരണമാണ് ഓരോ സഹായങ്ങളും.

അത്തരത്തില്‍ മകന്റെ കാന്‍സര്‍ ചികിത്സയ്ക്കായി സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുകയാണ് ഒരു കുടുംബം. അടൂര്‍ സ്വദേശി അനസാണ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും പ്രളയബാധിതര്‍ക്ക് സഹായവുമായെത്തിയത്.

‘വരുന്ന വെള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും ആര്‍സിസിയില്‍ അഡ്മിറ്റാവുകയാണ്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് കുടുംബം. പക്ഷെ മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ അത്രയും വരില്ലല്ലോ അതെന്ന്’ അനസ് ഫേസ്ബുക്കില്‍ കുറിച്ചു.

ചികത്സക്കായി കരുതി കൂട്ടി വെച്ചിരുന്ന പൈസയും കഴിഞ്ഞാഴ്ച കുട്ടിയുടെ ചികിത്സക്കായി രണ്ട് പേര്‍ സഹായിച്ചത് ഉള്‍പ്പെടെ ചേര്‍ത്ത് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ കുടുംബം തീരുമാനിച്ചതായും അനസ് പറഞ്ഞു.

അതേസമയം, കുഞ്ഞിന് റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെകെ ഷൈലജ ടീച്ചര്‍ ഉറപ്പ് നല്‍കി.

Exit mobile version