വീണ്ടും പ്രളയമുണ്ടാകാൻ കാരണം പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിൽ വരുത്തിയ വീഴ്ച: മാധവ് ഗാഡ്ഗിൽ

ഒരു ചെറിയ വിഭാഗത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിനായി പൊതുജനങ്ങളുടേയും പരിസ്ഥിതിയുടേയും ഭാവി സർക്കാരുകൾ മറന്നെന്നും ഗാഡ്ഗിൽ കുറ്റപ്പെടുത്തുന്നു.

മുംബൈ: കേരളത്തെ വീണ്ടും പ്രളയക്കെടുതി വേട്ടയാടാൻ കാരണം പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാര്യത്തിൽ എല്ലാവരും വരുത്തിയ വീഴ്ചയാണെന്ന് ഗാഡ്ഗിൽ കമ്മീഷൻ അധ്യക്ഷൻ മാധവ് ഗാഡ്ഗിൽ. കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാരിന് തെറ്റുപറ്റി. ഒരു ചെറിയ വിഭാഗത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിനായി പൊതുജനങ്ങളുടേയും പരിസ്ഥിതിയുടേയും ഭാവി സർക്കാരുകൾ മറന്നെന്നും ഗാഡ്ഗിൽ കുറ്റപ്പെടുത്തുന്നു.

വലിയ പാറമടകൾക്ക് പോലും ഇപ്പോൾ കേരളത്തിൽ നിർബാധം ലൈസൻസ് നൽകുകയാണ് സംസ്ഥാന സർക്കാർ. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടത് പുതിയ നിയമങ്ങളല്ല, പഴയവ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്. വികേന്ദ്രീകരണത്തിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കു കൂടുതൽ അധികാരം നൽകി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ തയ്യാറാവണമെന്നും ഗാഡ്ഗിൽ പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.

കേരളത്തിൽ കഴിഞ്ഞ പ്രളയ കാലത്തു സംഭവിച്ചതിന് സമാനമായ സാഹചര്യമാണ് മഹാരാഷ്ട്ര – കർണാടക അതിർത്തിയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും ഗാഡ്ഗിൽ ചൂണ്ടിക്കാട്ടി. കനത്തമഴയിലും കർണാടകയിൽ ഡാമുകൾ തുറക്കാത്തത് സ്ഥിതി ഗുരുതരമാക്കി. കൃഷ്ണ നദീതടത്തിലെ ഡാം മാനേജ്‌മെന്റിന് പിഴവ് പറ്റിയതാണ് ഇരു സംസ്ഥാനങ്ങളിലും പ്രളയത്തിനു ഇടയാക്കിയതെന്നും ഗാഡ്ഗിൽ വിശദീകരിക്കുന്നു.

Exit mobile version