‘എന്റെ പെരുന്നാളിങ്ങനെയാ…’ കടയിലെ വസ്ത്രങ്ങൾ വാരി ചാക്കുകളിൽ നിറച്ച് ദുരന്ത ബാധിതർക്ക് നൽകി നൗഷാദ്; സഹായം നൽകരുതെന്ന് പറഞ്ഞവരേ നിങ്ങൾ കാണുക

'നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം.

കൊച്ചി: മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകൾ പൊളിച്ച് കഴിഞ്ഞ പ്രളയകാലത്ത് ചേർത്ത് നിർത്തി സഹജീവിയുടെ കണ്ണീരൊപ്പിയ മലയാളി ഇന്ത്യയ്ക്ക് തന്നെ മാതൃകയും അത്ഭുതവുമായിരുന്നു. അത്രമേൽ തകർന്നടിഞ്ഞ് പോയിട്ടും ഈ കൊച്ചു സംസ്ഥാനം അതിജീവിച്ചത് മനോഹരമായിട്ടായിരുന്നു. എന്നാൽ അതിജീവനത്തിന്റെ പാതിവഴിയിൽ വീണ്ടും കേരളത്തെ മഴക്കെടുതി പിടികൂടിയിരിക്കുകയാണ്. കഴിഞ്ഞതവണത്തെ പോലെ സഹായഹസ്തവുമായി മുഴുവൻ ജനതയും ഇറങ്ങിപ്പുറപ്പെടാത്തത് കേരളത്തിന് തിരിച്ചടിയാവുകയാണ്.

ഇതിനിടെ സഹായിക്കാൻ മുന്നിട്ടിറങ്ങുന്നവരെ പിന്തിരിപ്പിച്ച് ഒരുകൂട്ടം സോഷ്യൽമീഡിയയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഒന്നും കൊടുക്കേണ്ടെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകേണ്ടതില്ലെന്നും പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഇത്തരക്കാർക്ക് കൃത്യമായ മറുപടിയും മാതൃകയുമാവുകയാണ് മാലിപ്പുറത്തെ തുണിക്കച്ചവടക്കാരൻ നൗഷാദ്.

മഴക്കെടുതി ഏറെ ബാധിച്ച വയനാട്, നിലമ്പൂർ എന്നിവിടങ്ങളിലെ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാൻ നടൻ രാജേഷ് ശർമ്മയുടെ നേതൃത്വത്തിൽ ഒരു സംഘം എറണാകുളം ബ്രോഡ്വേയിൽ കളക്ഷന് ഇറങ്ങിയതോടെയാണ് നൗഷാദിന് ഉള്ളിലെ നന്മ പുറംലോകമറിഞ്ഞത്. വസ്ത്രമാണ് ശേഖരിക്കുന്നതെന്ന് നൗഷാദിനോട് പറഞ്ഞപ്പോൾ നൗഷാദ് പറഞ്ഞത് ഒന്നെന്റെ കട വരെ വരാൻ കഴിയുമോ എന്നായിരുന്നു.

തന്റെ കട തുറന്ന് വിൽപ്പനയ്ക്കായി വച്ചിരുന്ന പുതിയ വസ്ത്രങ്ങളെല്ലാം വാരി ചാക്കുകളിൽ നിറച്ചു കൊടുക്കുകയാണ് നൗഷാദ് ചെയ്തത്. നൗഷാദിന്റെ പ്രവൃത്തി കണ്ട് എന്താണിത് എന്ന് ചോദിച്ചപ്പോൾ നൗഷാദിന്റെ ഹൃദയം കീഴടക്കുന്ന മറുപടി ഇങ്ങനെ: ‘നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക്
നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ…’

വീഡിയോ കാണാം:

Exit mobile version