ഇന്‍ഡിഗോ വിമാനം പറന്നിറങ്ങി; നെടുമ്പാശ്ശേരി വിമാനത്താവളം വീണ്ടും തുറന്നു

കൊച്ചി: റണ്‍വേയില്‍ വെളളം കയറിയതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളം വീണ്ടും തുറന്നു. അബുദാബിയില്‍ നിന്നുളള ഇന്‍ഡിഗോ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതോടെ സര്‍വ്വീസുകള്‍ പുനരാരംഭിച്ചു.

അതേസമയം, ഇന്ന് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട ചില വിമാനങ്ങള്‍ റദ്ദാക്കി. വ്യാഴാഴ്ച വൈകിട്ടാണ് നെടുമ്പാശ്ശേരി വിമാനത്താവളം വെളളക്കെട്ടിനെ തുടര്‍ന്ന് അടയ്‌ക്കേണ്ടി വന്നത്. വിമാനത്താവളത്തിനു ചുറ്റുമുള്ള കനാലില്‍ നിന്നുള്ള വെള്ളം പുറത്തു കളയാന്‍ പമ്പിങ് തുടരുകയാണ്. റണ്‍വേയിലെ വെളളം നീക്കുകയും ഏപ്രണിലും ടാക്‌സി വേയിലും അടിഞ്ഞുകൂടിയ ചെളിയും നീക്കാനായി.

അനുകൂലമായ കാലാവസ്ഥ ലഭിച്ചതിനാല്‍ പ്രതീക്ഷിച്ചതിലും നേരത്തേയാണ് വിമാനത്താവളം ഇത്തവണ തുറന്നത്. ഉച്ചയ്ക്ക് 12.15ഓടെ അബുദാബിയില്‍ നിന്നുളള ഇന്‍ഡിഗോ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഇതോടെ ഡൊമസ്റ്റിക് ഉള്‍പ്പെടെ എല്ലാ സര്‍വ്വീസുകളും സാധാരണ നിലയിലായി. റണ്‍വേ സുരക്ഷിതമാണെന്ന് ആദ്യം പറന്നിറങ്ങിയ ഇന്‍ഡിഗോ പൈലറ്റും സാക്ഷ്യപ്പെടുത്തി.

കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തില്‍ 15 ദിവസം വിമാനത്താവളം അടയ്‌ക്കേണ്ടി വന്നിരുന്നു. ഇത്തവണ പെരിയാറിലെ ജലനിരപ്പ് താഴുകയും മഴ മാറി നിന്നതുമാണ് തുണയായത്.

Exit mobile version