ശസ്ത്രക്രിയ നടത്തിയ അവശതകളുണ്ട്, എന്നാലും കൈക്കുഞ്ഞിനേയും നെഞ്ചോട് ചേര്‍ത്ത് ഓടുകയായിരുന്നു; പുത്തുമലയിലെ ദുരന്തത്തെപ്പറ്റി ഓര്‍ക്കാന്‍ വയ്യെന്ന് പ്രജിത

തന്റെ പിഞ്ചോമനെയും കൊണ്ട് ജീവിതത്തിന്റെയും മരണത്തിന്റെയും മുള്‍മുനയില്‍ നിന്ന ആ നിമിഷങ്ങളെപ്പറ്റി നടുക്കം മാറാതെ ഓര്‍ക്കുകയാണ് പ്രജിത

പുത്തുമലയിലെ ഉരുള്‍പൊട്ടലിന്റെ ഞെട്ടലില്‍ നിന്നും രക്ഷപ്പെട്ടെത്തിയവര്‍ക്ക് ഇനിയും ഭീതി മാറിയിട്ടില്ല.
കൈക്കുഞ്ഞിനെയടക്കം നെഞ്ചില്‍ ചേര്‍ത്ത് വെള്ളത്തില്‍ മുങ്ങിപ്പൊങ്ങി തലനാരിഴയ്ക്ക് രക്ഷപ്പെട്ട അമ്മമാര്‍ മുതല്‍ വൃദ്ധര്‍ വരെയുണ്ട് അവരില്‍. തന്റെ പിഞ്ചോമനെയും കൊണ്ട് ജീവിതത്തിന്റെയും മരണത്തിന്റെയും മുള്‍മുനയില്‍ നിന്ന ആ നിമിഷങ്ങളെപ്പറ്റി നടുക്കം മാറാതെ ഓര്‍ക്കുകയാണ് പ്രജിത.

ആ രാത്രിയെപ്പറ്റി ഓര്‍ക്കാന്‍ വയ്യ. ചുറ്റും നിലവിളികള്‍ മാത്രം കേട്ട ആ രാത്രി. സകലതും തകര്‍ത്തെറിഞ്ഞ് കുതിച്ചെത്തുന്ന വെള്ളത്തിന്റെ ശബ്ദം കേട്ടപ്പോ തൊട്ടിലിന്ന് കുഞ്ഞിനേം എടുത്തോടി. കാല്‍ തെന്നിവീണ് ഞാനും എന്റെ കുഞ്ഞുമൊക്കെ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുവായിരുന്നു. ചെരിപ്പൊക്കെ പോയിട്ട് പിന്നെ എങ്ങനെയോ രക്ഷപ്പെട്ട് കയറി, ആ നിമിഷങ്ങളെനിക്ക് ഓര്‍ക്കാന്‍ തന്നെ വയ്യ, പ്രജിത കണ്ണീരോടെ പറയുന്നു.

കൈക്കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ഉരുള്‍പൊട്ടില്‍ നിന്നും ഓടി രക്ഷപ്പെട്ടതാണ് പ്രജിത. തകര്‍ന്നുപോയ പാഡികളിലൊന്നിലായിരുന്നു പ്രജിതയും രണ്ട് മാസം പ്രായമായ കുഞ്ഞും മൂന്ന് വയസ്സുള്ള മറ്റൊരു മകനും അച്ഛനും അമ്മയും അമ്മൂമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. ശസ്ത്രക്രിയ നടത്തിയ അവശതകളും പ്രജിതയ്ക്കുണ്ട്. പക്ഷേ ജീവിതവും മരണവും മാറി മാറി വന്ന നിമിഷങ്ങളില്‍ ജീവന്‍ രക്ഷിക്കാനായി പ്രജിതയ്ക്ക് ഓടിയേ മതിയാകുമായിരുന്നുള്ളൂ.

”ജീവന്‍ കിട്ടിയവരെല്ലാം കയ്യില്‍കിട്ടിയതെല്ലാം എടുത്തോടുകയായിരുന്നു. കാട്ടിലൂടെ കുറേ ഓടി. അപ്പോഴേക്കും പിന്നിലുള്ളതെല്ലാം മലവെള്ളം കൊണ്ടുപോയിരുന്നു. ഒപ്പമുണ്ടായിരുന്ന പലരെയും പിന്നീട് കണ്ടില്ല. നിലവിളികള്‍ മാത്രം കേട്ട രാത്രി ദുരന്തമേഖലയ്ക്ക് അടുത്ത് തന്നെ തങ്ങി. പിന്നെ ക്യാമ്പിലേക്ക് പോവുകയായിരുന്നെന്നും പ്രജിത പറയുന്നു. മുന്നോട്ടുപോകാന്‍. ഇടറി വീഴാതിരിക്കാന്‍ പ്രജിതയ്ക്ക് ഇത്തിരിവെട്ടമാവുകയാണ് ആ പിഞ്ചുകുഞ്ഞ്.

Exit mobile version