മഹാമാരിയെ അതിജീവിക്കാൻ ശ്രമിക്കുകയാണ്; ഇതിനിടയിലാണ് എന്റേത് എന്ന പേരിൽ ഒരു വ്യാജ പ്രൊഫൈൽ: പാർവതി

വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ വ്യക്തിയോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ലെന്ന് താരം പറയുന്നു.

തിരുവനന്തപുരം: തന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പോസ്റ്റുകൾ പ്രചരിപ്പുക്കുന്ന സംഭവം വെളിപ്പെടുത്തി നടി പാർവതി തിരുവോത്ത്. വ്യാജ അക്കൗണ്ടിൽ നിന്നും തെറ്റിധാരണ ജനിപ്പിക്കുന്നതും ആളുകൾക്കിടയിൽ ഭിന്നതയുണ്ടാക്കുന്നതുമായ പോസ്റ്റുകൾ വരുന്നതായി ശ്രദ്ധയിൽ പെട്ടതായും അത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും നടി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ വ്യക്തിയോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ലെന്ന് താരം പറയുന്നു.

നാട് വീണ്ടും പ്രളയത്തേയും പേമാരിയേയും ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കാൻ ശ്രമിക്കുന്ന ഈ വേളയിൽ കേരളത്തെ ഭിന്നിപ്പിക്കുന്ന രീതിയിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകളാണ് വ്യാജ അക്കൗണ്ടിൽ നിന്നും ഉണ്ടാകുന്നത്. അത്തരം വ്യാജ സന്ദേശങ്ങളും വാർത്തകളും പ്രചരിപ്പിക്കരുതെന്നും സോഷ്യൽ മീഡിയയെ നല്ല രീതിയിൽ ഉപയോഗിച്ചു രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്നും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും പാർവതി സോഷ്യൽ മീഡിയയിൽ കുറിച്ചു.

പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

നമ്മുടെ നാട് വീണ്ടും ഒരു മഹാമാരിയെയും പ്രളയത്തെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കാൻ ശ്രമിക്കുകയാണ്. ഇതിനിടയിലാണ് എന്റേത് എന്ന പേരിൽ ഒരു വ്യാജ പ്രൊഫൈൽ ഈ അവസരത്തിൽ തെറ്റിധാരണ ജനിപ്പിക്കുന്നതും ആളുകൾക്കിടയിൽ ഭിന്നതയും ദൂരങ്ങളും സൃഷ്ടിക്കുന്നതുമായ പോസ്റ്റുകൾ ഇടുന്നത് ശ്രദ്ധയിൽ പെട്ടത്. ഇതറിഞ്ഞയുടനെ പ്രസ്തുത പേജുമായി ഞങ്ങൾ ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭച്ചില്ല. കേരളത്തെ തന്നെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകൾ കണ്ടതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ്. നമുക്ക് ദയവായി തെറ്റായതും വ്യാജമായതും ആയ സന്ദേശങ്ങളും വാർത്തകളും പ്രചരിപ്പിക്കാതെ ഇരിക്കാം. സോഷ്യൽ മീഡിയയെ നല്ല രീതിയിൽ ഉപയോഗിച്ചു രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാം. അതിജീവിക്കാം ഒരിക്കൽ കൂടി. ഒരുമിച്ച് !

Exit mobile version