പ്രളയകാരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ചെന്നിത്തല;ഗൗരവമായി തന്നെ ചർച്ച ചെയ്യണം; എൻഡിആർഎഫ് യൂണിറ്റ് ബിജെപി അട്ടിമറിച്ചെന്നും മുല്ലപ്പള്ളി

പ്രളയകാരണം ഗൗരവമായി ചർച്ച ചെയ്യണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം പേമാരിയായി പെയ്തുകൊണ്ടിരിക്കെ ദുരന്തത്തിനിടയിൽ രാഷ്ട്രീയം കളിച്ച് പ്രതിപക്ഷം. പ്രളയ കാരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കഴിഞ്ഞ തവണ പ്രളയമുണ്ടായപ്പോഴും സമാനമായ ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. ലോക്കൽ പർച്ചേസിലൂടെ അവശ്യ സാധനങ്ങൾ ദുരിതാശ്വാസ ക്യാംപുകളിൽ എത്തിക്കണമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുമുണ്ട്.

അതേസമയം, പ്രളയകാരണം ഗൗരവമായി ചർച്ച ചെയ്യണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്. എൻഡിആർഎഫ് യൂണിറ്റ് കേരളത്തിൽ കൊണ്ടുവരാനുള്ള തീരുമാനം ബിജെപി സർക്കാർ അട്ടിമറിച്ചെന്നും മുല്ലപ്പള്ളി ആരോപിച്ചു.

സംസ്ഥാനത്ത് മഴക്കെടുതി നേരിടാൻ ഏഴ് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ അതിതീവ്ര മഴ തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Exit mobile version