മനുഷ്യസാധ്യമല്ല; കവളപ്പാറയിലേക്ക് എത്താനാകാതെ രക്ഷാപ്രവർത്തകർ; സൈന്യത്തിൽ പ്രതീക്ഷയർപ്പിച്ച് ജനങ്ങൾ

രക്ഷാ പ്രവർത്തകരുടെ സുരക്ഷ കൂടി പരിഗണിച്ചേ തീരുമാനങ്ങൾ എടുക്കാനാകൂ.

മലപ്പുറം: മണ്ണടിച്ചിലും ഉരുൾപൊട്ടലുമുണ്ടായ കവളപ്പാറയിൽ രക്ഷാപ്രവർത്തനവും നിലയ്ക്കുന്നു. വൻദുരന്തമുണ്ടായ കവളപ്പാറയിൽ 36 വീടുകൾക്ക് മണ്ണിനടിയിൽ അകപ്പെട്ടെന്നാണ് വിവരം, ഈ വീടുകളിൽ 41ഓളം പേരുണ്ടെന്നും പ്രദേശവാസികൾ സൂചിപ്പിക്കുന്നു. എന്നാൽ, രക്ഷാപ്രവർത്തനം പുനഃരാരംഭിച്ചങ്കിലും കാര്യക്ഷമമായി തുടരാൻ സാധിക്കാത്ത അസ്ഥയാണുള്ളത്. മനുഷ്യസാധ്യമല്ല രക്ഷാപ്രവർത്തനമെന്നാണ് വിവരം. കൂടുതൽ സൈന്യം കവളപ്പാറയിലേക്ക് തിരിച്ചിട്ടുണ്ട്. രക്ഷാ പ്രവർത്തനത്തിന് കൂടൂതൽ എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

അതേസമയം, കനത്ത മഴയും വഴിയുടനീളമുള്ള മണ്ണിടിച്ചിലുമാണ് രക്ഷാപ്രവർത്തകർക്ക് കവളപ്പാറയിലേക്ക് എത്തുന്നതിന് തടസമാകുന്നത്. പനങ്കയത്ത് നിന്ന് കവളപ്പാറയിലേക്കുള്ള പ്രദേശത്തേക്ക് പതിനഞ്ച് കിലോമീറ്ററോളം ദൂരത്ത് വ്യാപകമായ മണ്ണിടിച്ചിലാണ് ഉണ്ടായത്. ഇത് സൈന്യത്തിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനത്തിന് തടസം സൃഷ്ടിച്ചിരിക്കുകയാണ്.

കേരളത്തിന്റെ കണ്ണീരായി മാറിയ കവളപ്പാറയിൽ മണ്ണിനടിയിൽ അകപ്പെട്ട ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന പ്രതീക്ഷകൾ പോലും വിദൂരത്താണ്. രണ്ടുനില കെട്ടിടങ്ങളടക്കം മലയിടിച്ചിലിലും ഉരുൾപൊട്ടലിലും പെട്ട് മൊത്തമായി മണ്ണ് വിഴുങ്ങിയ അവസ്ഥയിലാണ്. ഇത്രയധികം വീടുകൾ തകർന്ന് മണ്ണിനടയിൽ പെട്ടതു കൊണ്ട് തന്നെ രക്ഷാ പ്രവർത്തനത്തിനായി സൈന്യത്തിന്റെ വരവ് കാത്തിരിക്കുകയാണ് ജനങ്ങളും. എന്നാൽ സൈന്യത്തിന് ഇങ്ങോട്ടേക്ക് എത്തിച്ചേരാൻ സാധിക്കാത്ത സ്ഥിതി തുടരുകയാണ്. പോകുന്ന വഴിയിൽ വാഹനത്തിന് മുകളിൽ മൺകൂനകൾ വീണ് അപകമുണ്ടാകാനുള്ള സാധ്യത വളരെയേറെ ആയതിനാൽ രക്ഷാ പ്രവർത്തകരുടെ സുരക്ഷ കൂടി പരിഗണിച്ചേ തീരുമാനങ്ങൾ എടുക്കാനാകൂ.

അതേസമയം, കഴിഞ്ഞ ദിവസത്തെ തെരച്ചിലിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മോശം കാലാവസ്ഥയെത്തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ രക്ഷാപ്രവർത്തനം നിർത്തിവെക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് കവളപ്പാറയിൽ ഉരുൾപ്പൊട്ടലുണ്ടാകുന്നത്. പോത്തുകല്ലിനു സമീപമുള്ള വലിയ മല ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. നൂറേക്കറോളം സ്ഥലത്താണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. ഒരു ഭാഗത്ത് ഉരുൾപൊട്ടലും മറുഭാഗത്ത് നിന്ന് മണ്ണിടിച്ചിലും ഉണ്ടായതോടെ പ്രദേശത്തെ കുടുംബങ്ങൾ ദുരന്തത്തിൽ അകപ്പെടുകയായിരുന്നു. ഒരു കിലോമീറ്ററോളം പ്രദേശം പൂർണ്ണമായും മണ്ണിനടിയിലാണ്. തിങ്കളാഴ്ച മുതൽ പ്രദേശത്ത് കനത്ത മഴ പെയ്താണ് അപകടമുണ്ടായത്. മഴ പെയ്യാൻ തുടങ്ങിയത് മുതൽ വാർത്താ വിനിമയ സംവിധാനങ്ങളും വൈദ്യുതിയും പൂർണ്ണമായും തടസപ്പെട്ടതും പ്രദേശത്തേക്കുള്ള വഴി മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസപ്പെട്ടതും ദുരന്തം പുറംലോകമറിയാൻ വൈകി.

വ്യാഴാഴ്ച രാത്രി എട്ടരയോടെ ദുരന്തമുണ്ടായെങ്കിലും വാർത്ത പുറത്തെത്തിയത് വെള്ളിയാഴ്ചയോടെ മാത്രമായിരുന്നു.

Exit mobile version