കേരളത്തിനു പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷൻ; പുത്തുമലയിൽ മൂന്നുപേരെ രക്ഷപ്പെടുത്തി; പള്ളി, ക്ഷേത്രം പൂർണ്ണമായി മണ്ണിനടിയിൽ

തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് പ്രളയത്തിന് സാധ്യത

മേപ്പാടി: സംസ്ഥാനത്ത് കനത്തമഴയ്ക്ക് അൽപ്പം ആശ്വാസം വന്നെങ്കിലും മഴക്കെടുതികൾ തുടരുന്നു. ഇതിനിടെ, കേന്ദ്ര ജലകമ്മീഷൻ കേരളത്തിനു പ്രളയമുന്നറിയിപ്പു നൽകി. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് പ്രളയത്തിന് സാധ്യത. വയനാട് മേപ്പാടി പുത്തുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നിന്നും കൂടുതൽ പേരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. ഇന്ന് രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തു. മൂന്നുപേരെ രക്ഷപ്പെടുത്തി. ഇന്നലെ നിസാര പരിക്കുകളോടെ ഒമ്പതുപേരെ രക്ഷപ്പെടുത്തിയിരുന്നു. ഇവർ ചികിത്സയിൽ തുടരുകയാണ്. എത്രപേർ അപകടത്തിൽ പെട്ടിട്ടുണ്ടെന്നത് കൃത്യമായി കണക്കാക്കാൻ ഇനിയും സാധിച്ചിട്ടില്ല. 40ഓളം പേരുണ്ടാകാം മണ്ണിനടിയിലെന്നാണ് പ്രദേശവാസികൾ നൽകുന്ന സൂചന. പ്രദേശത്തെ ഒരു എസ്റ്റേറ്റ് പാടി, ക്ഷേത്രം, മുസ്ലിം പള്ളി എന്നിവയും ഒലിച്ചുപോയി. മഴദുരിതത്തിൽ രക്ഷാപ്രവർത്തനത്തിനു സംസ്ഥാനം സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. വയനാട്ടിലേക്ക് ഉടൻ സൈന്യമെത്തും.

ഇതിനിടെ, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ അതോറിറ്റി ഓഫീസിൽ യോഗം ചേർന്നു. അപകട സ്ഥലങ്ങളിലുള്ളവർ ക്യാംപിലേക്കു മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ക്യാംപുകളിൽ 13,000 പേരാണുള്ളത്. ക്യാംപിലേക്കു മാറാൻ ആരും മടി കാട്ടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വെള്ളിയാഴ്ച രാവിലെ 9 മണിവരെ താൽക്കാലികമായി അടച്ചു. ഏപ്രൺ ഏരിയയിൽ വെളളം കയറിയതിനെ തുടർന്നാണു നടപടി. മുസ്ലിം പള്ളി, ക്ഷേത്രം എന്നിവ പൂർണമായും മണ്ണിനടിയിലായി.

സൈനിക എഞ്ചിനീയറിങ് ഫോഴ്‌സിന്റെ സഹായവും ആവശ്യപ്പെട്ടു. വയനാട് ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വയനാട് ചുരത്തിൽ രാത്രി 12 മുതൽ രാവിലെ ആറു വരെ വാഹന ഗതാഗതം അനുവദിക്കില്ല. വൈകീട്ട് 6 മുതൽ രാവിലെ 6 വരെ ഹെവി വെഹിക്കിളുകൾക്കും നിരോധനം ഏർപ്പെടുത്തി. സൈലന്റ് വാലി ദേശിയോദ്യാനത്തിൽ സന്ദർശനം നിരോധിച്ചു. സഞ്ചാരികൾക്കുള്ള ബുക്കിങും നിർത്തിവച്ചു. ഒരാഴ്ചയായി സൈലന്റ് വാലി മേഖലയിൽ കനത്തമഴയാണ്.

കോഴിക്കോട് ജില്ലയിലാകെ തുറന്ന ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം പത്തായി. 138 കുടുംബങ്ങളിലെ 477 പേരെ മാറ്റിപ്പാർപ്പിച്ചു. കുറ്റ്യാടി പശുക്കടവ് മവട്ടം വനത്തിൽ ഉരുൾപൊട്ടി. എക്കൽ പ്രദേശം ഒറ്റപ്പെട്ടു കിടക്കുകയാണ്.

Exit mobile version