പെണ്‍കുട്ടിയുമായി സംസാരിച്ചതിന് പ്രതികാരം; ടാക്‌സി ഓട്ടം വിളിക്കാനെന്ന വ്യാജേനെ വീട്ടില്‍ നിന്നും ഇറക്കികൊണ്ടു പോയി മരത്തില്‍ കെട്ടിയിട്ട് യുവാവിനും സുഹൃത്തിനും ക്രൂരമര്‍ദ്ദനം; കേള്‍വിശക്തി തകരാറിലായി യുവാക്കള്‍ ചികിത്സയില്‍

സവാരി പോകാനുണ്ടെന്നറിയിച്ചാണ് ഓട്ടോ ഡ്രൈവറായ റാഷിദിനെ പുലര്‍ച്ചെ രണ്ടരയ്ക്ക് വീട്ടില്‍ നിന്ന് വിളിച്ചിറക്കിയത്.

കോഴിക്കോട്: പെണ്‍കുട്ടിയുമായി സംസാരിച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനേയും സുഹൃത്തിനേയും ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. വീട്ടില്‍ നിന്നും ഇറക്കികൊണ്ടുപോയി മരത്തില്‍ കെട്ടിയിട്ടാണ് ഇരുവരേയും ക്രൂരമായി മര്‍ദ്ദിച്ചത്. കോഴിക്കോട് വടകര ചോറോട് സ്വദേശി റാഷിദ്, ഫാജിസ് എന്നിവരാണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഇവരെ മര്‍ദിച്ചതായിപ്പറയുന്ന യുവാക്കള്‍ ഒളിവിലാണ്. വടകര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സംഭവം ഇങ്ങനെ: സവാരി പോകാനുണ്ടെന്നറിയിച്ചാണ് ഓട്ടോ ഡ്രൈവറായ റാഷിദിനെ പുലര്‍ച്ചെ രണ്ടരയ്ക്ക് വീട്ടില്‍ നിന്ന് വിളിച്ചിറക്കിയത്. ഒരുകിലോമീറ്റര്‍ സഞ്ചരിക്കുന്നതിനിടെ ഓട്ടം വിളിച്ച യുവാവിനൊപ്പം മൂന്നാളുകള്‍ കൂടി ഓട്ടോയില്‍ കയറി. മീത്തലങ്ങാടിക്ക് സമീപം ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് മരത്തില്‍ കെട്ടിയിട്ട് തല്ലി ചതയ്ക്കുകയായിരുന്നുവെന്നാണ് മൊഴി.

പെണ്‍കുട്ടിയോട് സംസാരിക്കരുതെന്ന് വിലക്കിയായിരുന്നു മര്‍ദ്ദനം. അക്രമികള്‍ റാഷിദിനെക്കൊണ്ട് ഫാജിസിനെ വിളിച്ചുവരുത്തി. പിന്നീട് ഫാജിസിനു നേരെയായി ആക്രമണം. നിലവിളിച്ചുകൊണ്ട് ഫാജിസ് ഓടിരക്ഷപ്പെടുകയായിരുന്നു. അവശനിലയിലായ റാഷിദിനെ ഓട്ടോറിക്ഷയില്‍ കയറ്റി വീട്ടിന് മുന്നില്‍ തള്ളിയ ശേഷം അക്രമിസംഘം രക്ഷപ്പെട്ടു.

ഇരുവരെയും ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. ഫാജിസിന് കേള്‍വിക്ക് തകരാറുണ്ട്. വാരിയെല്ല് പൊട്ടിയിട്ടുണ്ട്. ഫാജിസ് കോഴിക്കോട് മെഡിക്കല്‍ കോളജിലും റാഷിദ് വടകരയിലെ സ്വകാര്യ ആശുപത്രിയിലുമാണ് ചികില്‍സയിലുള്ളത്.

Exit mobile version