തീരത്തടിഞ്ഞത് രണ്ട് ആനയോളം വലിപ്പമുള്ള തിമിംഗലം, വലിച്ച് മാറ്റാന്‍ ശ്രമിച്ച ജെസിബിയും തളര്‍ന്നു; പുലിവാല് പിടിച്ച് അധികൃതര്‍

പിന്നീട് അധികൃതര്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി

കാസര്‍കോട്: കരയ്ക്കടിഞ്ഞ ഭീമന്‍ തിമിംഗലം അധികൃതര്‍ക്ക് തലവേദനയായി. കാസര്‍കോട് തൃക്കരിപ്പൂര്‍ വലിയപറമ്പ് തീരത്താണ് രണ്ട് ആനയോളം വലിപ്പം വരുന്ന ഭീമന്‍ തിമിംഗലത്തിന്റെ ജഡം കണ്ടത്. തിമിംഗലത്തെ വലിച്ച് മാറ്റാന്‍ അധികൃതര്‍ ജെസിബിയുടെ സഹായം തേടിയെങ്കിലും നടന്നില്ല.

കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെ പഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറ് ഭാഗത്തായാണ് ദിവസങ്ങള്‍ക്കു മുന്‍പ് ചത്തതെന്ന് കരുതുന്ന തിമിംഗലം കരയ്ക്കടിഞ്ഞത്. തലയും ഉടലും വേര്‍പെട്ട നിലയിലുള്ള തിമിംഗലത്തിന്റെ ജഡത്തില്‍ നിന്നും ഉയര്‍ന്ന അസഹനീയമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് പരിസരവാസികള്‍ ബുദ്ധിമുട്ടിലായി. വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചു.

സ്ഥലത്തെത്തിയ പഞ്ചായത്ത് അധികൃതര്‍ ജെസിബിയുടെ സഹായത്തോടെ തിമിംഗലത്തെ നീക്കാനുള്ള ശ്രമം തുടങ്ങി. എന്നാല്‍ രണ്ട് ആനയോളം വലിപ്പമുള്ള തിമിംഗലത്തെ നീക്കാന്‍ ഒരു ജെസിബിക്ക് കഴിയാതെ വന്നതോടെ ശ്രമം ഉപേക്ഷിച്ചു. പിന്നീട് അധികൃതര്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി. തുടര്‍ന്ന് രണ്ട് ജെസിബികള്‍ സ്ഥലത്തെത്തി.

ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, ജെസിബിയുടെ സഹായത്തോടെ ആറുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തിമിംഗലത്തിന്റെ ജഡം കരയിലേക്ക് മാറ്റിയത്. തിമിംഗലത്തിന്റെ ജഡം വെട്ടിമുറിച്ച് സംസ്‌കരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഏറെ അപൂര്‍വ്വമായാണ് ഇത്തരം ഭീമന്‍ തിമിംഗലം കേരളതീരത്തടിയുന്നത്.

Exit mobile version