‘വേഗത കുറയ്ക്കാൻ ശ്രമിച്ചപ്പോഴേക്കും ഇടിച്ചുതെറിപ്പിച്ചു’;ശ്രീറാമിനെതിരെ വഫയുടെ മൊഴി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെ കുരുക്കിലാക്കി സഹയാത്രിക വഫ ഫിറോസിന്റെ രഹസ്യമൊഴി പുറത്ത്. ശ്രീറാം മദ്യപിച്ചിരുന്നെന്നും വാഹനം ഓടിച്ചത് അമിത വേഗത്തിലായിരുന്നെന്നും വഫ വഞ്ചിയൂർ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റിന് മൊഴി നൽകി. ശ്രീറാം വളരെ വേഗത്തിൽ വാഹനമോടിച്ചു. താൻ വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും ചെവി കൊണ്ടില്ല. ബൈക്ക് യാത്രികനെ വാഹനമിടിക്കാതിരിക്കാൻ ശ്രമിച്ചിരുന്നെന്നും എന്നാൽ അപ്പോഴേക്കും അപകടം നടന്നുകഴിഞ്ഞിരുന്നെന്നും വഫയുടെ മൊഴിയിൽ പറയുന്നു.

അതേസമയം, റിമാൻഡിലായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ ചീഫ് സെക്രട്ടറി സസ്‌പെന്റ് ചെയ്തു. സർവെ ഡയറക്ടർ സ്ഥാനത്തുനിന്നും ശ്രീറാമിനെ നീക്കി കൊണ്ട് ഉത്തരവായി. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. ശ്രീറാം വെങ്കിട്ടരാമന്റെ രക്തത്തിൽ മദ്യത്തിന്റെ അംശമില്ലെന്നായിരുന്നു പരിശോധനാ റിപ്പോർട്ട്.

ശ്രീറാമിന്റെ ആന്തരിക പരുക്കുകളറിയാൻ സ്‌കാനിങ് ഫലം കിട്ടണമെന്നും കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നുമാണ് അഞ്ചംഗ മെഡിക്കൽ ബോർഡ് പറയുന്നു. അതേസമയം ശ്രീറാമിനെ കസ്റ്റഡിയിൽ വേണമെന്നും ജാമ്യം നൽകരുതെന്നും ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.

Exit mobile version