പണമില്ലാത്തതിന്റെ പേരില്‍ കല്യാണം മുടങ്ങില്ല, അവള്‍ ഞങ്ങളുടെയും മകള്‍; രാധയുടെ കണ്ണീര്‍ തുടച്ച് ഈ സ്ത്രീശക്തി

കൂട്ടുകാരിയുടെ മകളെ സ്വന്തം മകളായിക്കണ്ടാണ് ജ്യോതിര്‍മയി അയല്‍ക്കൂട്ടാംഗങ്ങള്‍ കല്യാണം നടത്തുവാനുള്ള സഹായം ചെയ്യുന്നത്.

കൊടുമണ്‍: ഇന്ന് രാജ്യം മുഴുവനും ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുകയാണ്. ചിത്രങ്ങള്‍ പങ്കുവെച്ചും മധുരം നല്‍കിയും പലയിടത്തും ആഘോഷം തകൃതിയായി നടക്കുകയാണ്. ഇപ്പോള്‍ ആ സൗഹൃദ ദിനത്തില്‍ മാതൃകയാവുകയാണ് ജ്യോതിര്‍മയി അയല്‍ക്കൂട്ടാംഗങ്ങളുടെ ഒരു സൗഹൃദം. പണമില്ലാത്തതിനെ തുടര്‍ന്ന് മകളുടെ വിവാഹം മുടങ്ങുമെന്ന ആശങ്കയില്‍ നിന്ന രാധയ്ക്ക് തുണയായി എത്തുകയായിരുന്നു കൊടുമണ്‍ ഗ്രാമപ്പഞ്ചായത്തിലെ രണ്ടാംവാര്‍ഡിലെ ജ്യോതിര്‍മയി അയല്‍ക്കൂട്ട അംഗങ്ങള്‍.

കൂട്ടുകാരിയുടെ മകളെ സ്വന്തം മകളായിക്കണ്ടാണ് ജ്യോതിര്‍മയി അയല്‍ക്കൂട്ടാംഗങ്ങള്‍ കല്യാണം നടത്തുവാനുള്ള സഹായം ചെയ്യുന്നത്. പണമില്ലാത്തതിന്റെ പേരില്‍ കൂട്ടത്തിലൊരാളായ രാധയുടെ മകളുടെ കല്ല്യാണം മുടങ്ങാന്‍ പാടില്ലെന്ന് അവര്‍ തീരുമാനം എടുക്കുകയായിരുന്നു. എല്ലാവരും കൂടി ഒന്ന് ഒത്തുപിടിച്ചു. രാധയുടെ ബുദ്ധിമുട്ടുകള്‍ക്കാണ് അതോടെ കര്‍ട്ടന്‍ വീണത്. തങ്ങളുടെ പേരില്‍ വായ്പയെടുത്ത് കൂട്ടുകാരിയെ സഹായിക്കുകയായിരുന്നു. ലിങ്കേജ് ലോണ്‍ എടുത്തായിരുന്നു രാധയെ സഹായിച്ചത്.

ലോണ്‍ പെട്ടെന്ന് ലഭിക്കാന്‍ വേണ്ട സഹായങ്ങള്‍ സിഡിഎസ് ചെയ്തുകൊടുത്തു. കേരള ഗ്രാമീണ ബാങ്ക് ചന്ദനപ്പള്ളി ശാഖയില്‍ നിന്ന് 15 ദിവസത്തിനുള്ളില്‍ ലോണ്‍ പാസായി കിട്ടി. അംഗങ്ങളുടെയെല്ലാവരേയും കൂടി പേരിലാണ് രണ്ടുലക്ഷം രൂപ വായ്പ അനുവദിച്ചത്. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംആര്‍എസ് ഉണ്ണിത്താന്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ സുമതി ഗോപിനാഥിന്റെയും കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ശ്രീജാ മഹേഷ്, മറ്റ് ഭാരവാഹികളുടെയും ജ്യോതിര്‍മയി അയല്‍ക്കൂട്ട അംഗങ്ങളുടെയും സാന്നിദ്ധ്യത്തില്‍ രാധയ്ക്ക് രണ്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഇതോടെ വിവാഹം നടത്താനുള്ള ബുദ്ധിമുട്ടില്‍ പകുതി ആശ്വാസം ലഭിക്കുകയായിരുന്നു.

Exit mobile version