ലോകത്തിന് കേരളം നല്‍കിയ സംഭാവന ‘കുടുംബശ്രീ’!’ കണ്ണുകള്‍ നിറയുന്നതിന് മുന്‍പ് കാറില്‍ കയറണം’: അഞ്ച് വര്‍ഷത്തെ ദൗത്യം പൂര്‍ത്തിയാക്കി കുടുംബശ്രീയുടെ പടിയിറങ്ങി ഹരികിഷോര്‍ ഐഎഎസ്

തിരുവനന്തപുരം: പരിമിതികള്‍ക്കുള്ളില്‍നിന്നു ജോലി ചെയ്ത് സ്ഥാപനത്തെ ഉന്നതിയിലേക്ക് എത്തിക്കുന്നതിന്റെ അനുഭവപാഠം പകര്‍ന്ന് എസ് ഹരികിഷോര്‍ ഐഎഎസ്.
അഞ്ച് വര്‍ഷത്തോളം പ്രവര്‍ത്തിച്ച കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങുമ്പോള്‍ ഹരികിഷോര്‍ ഫേസ്ബുക്കില്‍ കുറിച്ച വരികളാണ് ആവേശം പകരുന്നത്.

പത്തനംതിട്ട കലക്ടര്‍ എന്ന പദവിയില്‍ നിന്നാണ് ചെറിയൊരു മേശയും കസേരയും മാത്രമുള്ള കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ഓഫിസിലേക്ക് എത്തിയത്. മുന്നില്‍ മൂന്നു പേര്‍ക്കിരിക്കാനുള്ള സ്ഥലം മാത്രമായിരുന്നു ഓഫിസില്‍. സര്‍ക്കാര്‍ ഓഫിസര്‍ എന്നു മാത്രമാണ് അക്കാലത്ത് അപരിചിതര്‍ക്കു മുന്നില്‍ പരിചയപ്പെടുത്തിയിരുന്നതെന്നും അദ്ദേഹം കുറിയ്ക്കുന്നു.

‘പടിയിറങ്ങുമ്പോള്‍…
പത്തനംതിട്ട കളക്ടറുടെ വിശാലമായ ചേംബറില്‍ നിന്നിറങ്ങി മുഴുവന്‍ ജീവനക്കാരുടെയും അകമ്പടിയോടെ കാറില്‍ കയറിയാണ് യാത്ര തുടങ്ങിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്തുള്ള ട്രിഡയുടെ പഴയൊരു ബില്‍ഡിങ്ങിന്റെ മൂന്നാം നിലയിലുള്ള കുടുംബശ്രീ ഓഫീസിലേക്ക് പടികള്‍ ചവിട്ടിക്കയറുമ്പോള്‍ മനസ്സില്‍ ചെറിയ നിരാശയായിരുന്നു. ഇതാണോ പുതിയ ഓഫീസ്? ഇവിടെയാണോ ഇനി പ്രവര്‍ത്തിക്കേണ്ടത് ?
നിരാശ മനസ്സില്‍ മാത്രം വയ്ക്കാന്‍ ശ്രമിച്ച് മുകളില്‍ കയറി എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ മുറിയിലെത്തിയപ്പോള്‍ അവിടെയുള്ളത് ചെറിയൊരു മേശയും കസേരയും മാത്രം. മുന്നില്‍ മൂന്ന് പേര്‍ക്കിരിക്കാനുള്ള സ്ഥലം. ജില്ലാ കളക്ടറുടെ വിശാലമായ ഓഫീസും സംവിധാനങ്ങളുമെവിടെ, ഈ പരിമിത സാഹചര്യങ്ങളെവിടെ!

‘ലോകത്തിന് കേരളം നല്‍കിയ സംഭാവനയാണ് കുടുംബശ്രീ. കുടുംബശ്രീയെ നയിക്കാനായി ഹരികിഷോറിനെ തെരഞ്ഞെടുത്തു എന്നത് തന്നെ വലിയൊരു അംഗീകാരമാണ്. മള്‍ട്ടി ഡിസിപ്ലിനറിയായ ഒരു ടീമിനെ നയിക്കാനും സ്ത്രീകളുടെ ഏറ്റവും വലിയ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി അടുത്തതലത്തിലേക്ക് കൈപിടിച്ചുയര്‍ത്താനും നിങ്ങള്‍ക്ക് സാധിക്കും’ എന്ന ഉപദേശം ലഭിച്ചപ്പോള്‍ മനസ്സിലോര്‍ത്തത് മറ്റൊന്നായിരുന്നു. ടൂറിസം ഡയറക്ടറോ വ്യവസായ വകുപ്പ് ഡയറക്ടറോ മറ്റോ ആയി പോസ്റ്റിങ് ലഭിച്ചിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും വിശദീകരണം നല്‍കി ‘പ്രചോദനം’ നല്‍കാന്‍ ആരും മുതിരില്ലല്ലോ.

കണ്ണൂരിലേക്കുള്ള തീവണ്ടി യാത്രയില്‍
”എവിടെ ജോലി ചെയ്യുന്നു?’
എന്ന തൊട്ട് മുന്‍പിലിരുന്നയാളുടെ ചോദ്യത്തിന് ‘ഗവണ്‍മെന്റില്‍ വര്‍ക്ക് ചെയ്യുന്നു’ എന്നാണ് ഞാന്‍ ആദ്യം മറുപടി നല്‍കിയത്.
‘ഗവണ്‍മെന്റില്‍ എന്ത്?’
‘ ഐ.എ.എസ് ഓഫീസറാണ്’
‘ അപ്പോള്‍ ജില്ലാ കളക്ടറാണല്ലേ?’
‘ ആയിരുന്നു, ഇപ്പോള്‍ അല്ല. ഇപ്പോള്‍ കുടുംബശ്രീയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്’
‘കുടുംബശ്രീയോ, അത് വേസ്റ്റ് പെറുക്കുന്ന പെണ്ണുങ്ങളുടെ ഗ്രൂപ്പല്ലേ!, അതിന് ഒരു ഐ.എ.എസ് ഓഫീസറോ?’

അദ്ദേഹത്തിനോട് എന്ത് മറുപടി പറഞ്ഞു എന്നത് ഇപ്പോൾ ഓര്‍മ്മയില്ല. ഒരു പക്ഷേ എന്ത് മറുപടി നല്‍കണമെന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു. ‘കേരളത്തിന്റെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമാണ് കുടുംബശ്രീ…’ എന്നൊക്കെ പറഞ്ഞുകാണണം.
പ്രവര്‍ത്തനം തുടങ്ങി കുറച്ചുകാലം കഴിഞ്ഞയുടനെതന്നെ അദ്ദേഹത്തിനുള്ള മറുപടികള്‍ മനസ്സില്‍ കുറിച്ചുവച്ചുതുടങ്ങി.

ഇന്ന് ലോകത്തില്‍ 200ലധികം മെട്രോകള്‍ ഉള്ളതില്‍ സ്ത്രീകള്‍ മാത്രം നടത്തുന്ന മെട്രോ നമ്മുടെ കൊച്ചി മെട്രോയാണ്. അത് നടത്തുന്നത് കുടുംബശ്രീയാണ്. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളുമായി കരാറിലേര്‍പ്പെട്ട് ആ സംസ്ഥാനങ്ങള്‍ക്ക് സ്ത്രീ ശാക്തീകരണ ഉപജീവന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പരിശീലനം നല്‍കുന്നത് കുടുംബശ്രീയാണ്!

2018ലെ പ്രളയത്തിന്റെ സമയത്ത്, കേരളം ഇതുവരെ നേരിട്ടില്ലാത്ത പ്രതിസന്ധി നേരിട്ട കാലഘട്ടത്തില്‍ ‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിങ്ങളുടെ ഒരു ദിവസത്തെ ലഘുസമ്പാദ്യം നല്‍കുമോ’ എന്ന് ചോദിച്ചുള്ള എന്റെ കത്തിന് മറുപടിയായി, പത്തും ഇരുപതും നാല്‍പ്പതും രൂപ വീതം ഓരോരുത്തരായി സ്വരൂപിച്ച് 11.18 കോടി രൂപ നല്‍കിയ 45 ലക്ഷം കുടുംബങ്ങളുടെ കൂട്ടായ്മയാണ്. തങ്ങളുടെ ദുരിതങ്ങള്‍ക്കിടയിലും തങ്ങളേക്കാള്‍ കഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകളുടെ ഒരുമയുമാണ് ഇത്. 2020-21ലെ കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ കേരളത്തില്‍ ഒരാളും പട്ടിണി കിടക്കില്ല എന്നുറപ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നുകൊണ്ട് ഒരു വര്‍ഷക്കാലയളവില്‍ 1120 ജനകീയ ഹോട്ടുലുകളുടെ ശൃംഖല പടുത്തുയര്‍ത്തി പ്രവർത്തനക്ഷമമാക്കിയ ശക്തിയാണ് കുടുംബശ്രീ കുടുംബശ്രീ.

പദ്ധതികളുടെ കാര്യം മാറ്റിവച്ചാല്‍, ‘എന്റെ പ്രതിസന്ധികളില്‍ തണലായി നിന്നത് കുടുംബശ്രീയാണ്’, ‘ എന്നെ ഞാനാക്കിയ പ്രസ്ഥാനമാണിത്’, ‘വീട്ടിനുള്ളില്‍ നിന്നും എന്നെ വിശാലമായ ലോകത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് കുടുംബശ്രീയാണ്’, ‘എന്റെ അഭിമാനമാണ്, ശക്തിയാണ് ഈ കൂട്ടായ്മ’ എന്നൊക്കെ മനസ്സില്‍ നിന്നും പറയുന്ന ലക്ഷക്കണക്കിന് സ്ത്രീകളുടെ പ്രതീക്ഷയാണ് കുടുംബശ്രീ. അവരുടെ ജീവിതത്തിന് ലക്ഷ്യവും അര്‍ത്ഥവും ആശ്വാസവും പ്രചോദനവും പ്രോത്സാഹനവും സംരക്ഷണവും നല്‍കിയ കേരളത്തിന്റെ അഭിമാനമാണ് ഈ പ്രസ്ഥാനം.

ഇന്ന് കുടുംബശ്രീയുടെ ചുമതലകളിൽ നിന്നും മാറുമ്പോൾ അദ്ദേഹത്തോട് പറയാനായി ഇപ്രകാരം നൂറുകണക്കിന് ഉത്തരങ്ങൾ തയ്യാറാക്കി വച്ചിട്ടുണ്ട്.
‘കൂടുതല്‍ ജനങ്ങളുടെ ജീവിതത്തിലേക്ക് പ്രകാശമെത്തിക്കാന്‍ സാധിക്കട്ടെ’ എന്നുപറഞ്ഞ് ശ്രീവിദ്യയ്ക്ക് കുടുംബശ്രീയുടെ ചുമതല കൈമാറി കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി അനേകതവണ കയറിയിറങ്ങിയ ഓഫീസിന്റെ പടികള്‍ ഇന്ന് അവസാനമായി ഇറങ്ങുമ്പോള്‍ താഴേക്ക് നോക്കി മാത്രമാണ് നടന്നത്. സ്‌നേഹിക്കുന്ന കണ്ണുകളിലേക്ക് നോക്കാന്‍ മനസ്സിന് ശക്തിയില്ലായിരുന്നു!!

പടികളിറങ്ങുമ്പോൾ…. കുടുംബശ്രീയിലെ എന്റെ കാലഘട്ടം കഴിഞ്ഞുവെന്നും ഇനി പുതിയ മാറ്റം വരണമെന്നുമുള്ള തിരിച്ചറിവ് കൃത്യമായി ഉണ്ടായിരുന്നുവെങ്കിലും.….
ഒരു വകുപ്പിനോടും മമതയില്ലാതെ, ലഭിക്കുന്ന ജോലികള്‍ ഏറ്റെടുത്ത് നിസ്വാര്‍ത്ഥമായും മികവോട് കൂടിയുമുള്ള മികച്ച പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുകയെന്നതാണ് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കടമ എന്ന് മസൂറീയിലെ ക്ലാസ്സുകളില്‍ നിന്നും പഠിച്ച പാഠങ്ങള്‍ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ലായെങ്കിലും….

പടികളിറങ്ങുമ്പോൾ…. ഒരൊറ്റ ആഗ്രഹം മാത്രമാണ് മനസ്സിലുണ്ടായിരുന്നത്.….
കണ്ണുകള്‍ നിറയുന്നതിന് മുന്‍പ് കാറില്‍ കയറണം…’.
#Kudumbashree

Exit mobile version