ജമാല്‍ ഖഷോഗ്ജി കൊലപാതകം; സൗദിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കാനൊരുങ്ങി അമേരിക്ക

വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കാനൊരുങ്ങി അമേരിക്ക. കൊലയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 21 ഉദ്യോഗസ്ഥരുടെ വിസയാണ് റദ്ദാക്കുക.

അതേസമയം ഭാവിയില്‍ ഇവര്‍ക്ക് വിസ ലഭിക്കുവാനുള്ള അവസരങ്ങളും ഇതോടൊപ്പം ഇല്ലാതാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് അവസാന വാക്കല്ലെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ കൂടുതല്‍ നിയമനടപടികള്‍ വഴിയേ ഉണ്ടാകുമെന്നും വിദേശകാര്യ മന്ത്രി മൈക്ക് പോംപിയോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഖഷോഗ്ജിയെ പോലൊരു മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം നടന്നിട്ട് മൗനികളായി ഇരിക്കാന്‍ തങ്ങള്‍ക്കു കഴിയില്ലെന്നും അദ്ദോഹം പറഞ്ഞു.

സൗദിയുടെ രഹസ്യ വിമര്‍ശകന്റെ കൊലപാതകം ആസൂത്രണം ചെയ്തത് വളരെ മോശമായിപ്പോയി എന്നാണ് ട്രംപ് പറഞ്ഞത്. ഖഷോഗിയുടെ മരണത്തിനു പിന്നില്‍ സൗദിയാണെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ പറഞ്ഞിരുന്നു. അതൊരു ആസൂത്രിത കൊലപാതകമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഖഷോഗ്ജിയുടെ ശരീരാവശിഷ്ടങ്ങള്‍ ഇസ്താംബുളിലെ സൗദി സ്ഥാനപതിയുടെ വസതിയില്‍ കണ്ടെത്തിയതായി ബ്രിട്ടീഷ് മാധ്യമമായ സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Exit mobile version