‘ആ നായിന്റെ തല എനിക്കുവേണം’..! ജമാല്‍ ഖഷോഗ്ജി കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത അനുയായിയുടെ കരങ്ങള്‍ വ്യക്തം

ഇസ്താംബുള്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത അനുയായി സ്‌കൈപ്പിലൂടെ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് കൊല നടന്നതെന്ന് റിപ്പോര്‍ട്ട്. സൗദി, തുര്‍ക്കിഷ്, അറബ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിറ്റേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്.

ദീര്‍ഘകാലമായി ബിന്‍ സല്‍മാന്റെ ഉപദേശകനായിരുന്നു സൗദ് അല്‍ ഖഹ്താനി. അദ്ദേഹം ഫോണ്‍ വഴി ഖഷോഗ്ജിയെ ചീത്തപറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഖഹ്താനിയ്ക്ക് തന്റേതായ രീതിയില്‍ ഖഷോഗ്ജി മറുപടി നല്‍കുകയും ചെയ്തു. തര്‍ക്കം മൂത്ത് ഒരു ഘട്ടത്തില്‍ ഖഷോഗ്ജിയെ കൊലപ്പെടുത്താന്‍ ഖഹ്താനി നിര്‍ദേശം നല്‍കുകയായിരുന്നെന്നാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

‘ആ നായിന്റെ തല എനിക്കുവേണം’ എന്നാണ് ഖഹ്താനി ഫോണിലൂടെ നിര്‍ദേശിച്ചത്.

ഖഷോഗ്ജിയുടെ കൊലപാതവുമായി ബന്ധപ്പെട്ട് ഖഹ്താനി ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സല്‍മാന്‍ രാജാവ് പുറത്താക്കിയെന്ന് സൗദി ഔദ്യോഗിക മാധ്യമം ശനിയാഴ്ച റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ഒക്ടോബര്‍ രണ്ടിന് കോണ്‍സുലേറ്റിനുള്ളിലെത്തിയ ഖഷോഗ്ജി സൗദി കോണ്‍സുലേറ്റില്‍ നിന്നും സുരക്ഷിതമായി തിരിച്ചുപോന്നുവെന്നായിരുന്നു സൗദി നേരത്തെ അവകാശപ്പെട്ടത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞദിവസമാണ് ഖഷോഗ്ജി കൊല്ലപ്പെട്ടെന്ന് സൗദി ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

Exit mobile version