നാടിനെ നടുക്കിയ ആലുവ കൂട്ടക്കൊല കേസ്; പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ചുരുക്കി

ന്യൂഡല്‍ഹി: നാടിനെ നടുക്കിയ 2001ലെ ആലുവ കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ചുരുക്കി. ഒരു കുടുംബത്തിലെ ആറുപേരെ ആന്റണി ഒറ്റയ്ക്കായിരുന്നു കൊലപ്പെടുത്തിയത്.
മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍, ഭാര്യ ബേബി, മക്കളായ ജെയ്‌മോന്‍ , ദിവ്യ, അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി, സഹോദരി കൊച്ചുറാണി എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.

ലോക്കല്‍ പോലീസ് മുതല്‍ സിബിഐ വരെ അന്വേഷണം നടത്തിയ കേസില്‍ എറണാകുളം സിബിഐ സ്‌പെഷ്യല്‍ കോടതിയാണ് പ്രതിക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നത്. വധശിക്ഷയ്ക്ക് വിധിച്ചുകൊണ്ടുള്ള കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവയ്ക്കുകയായിരുന്നു.

നിരവധി സംശയങ്ങള്‍ക്കും ദുരൂഹതകള്‍ക്കും കാരണമായ കേസായിരുന്നു ആലുവക്കൂട്ടക്കൊലക്കേസ്. പ്രതികള്‍ ഒന്നിലധികം പേരുണ്ടാകുമെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. പിന്നീട് നടന്ന ശാസ്ത്രീയ അന്വേഷണത്തിലും സാഹചര്യത്തെളിവുകളും സാക്ഷി മൊഴികളും ആന്റണിയിലെ കുറ്റവാളിയെ നിയമത്തിനു മുന്നില്‍ എത്തിക്കുകയായിരുന്നു.

ആറു പേരെ കൊന്ന ശേഷം മുംബൈയ്ക്കും അവിടെ നിന്ന് ദമാമിലേക്കും കൊലയാളി കടന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ കൃത്യമായ കണക്കുകൂട്ടലുകള്‍ പ്രതിയിലേക്കുള്ള ദൂരം കുറച്ചു. ആന്റണിയാണ് കൊല നടത്തിയതെന്ന നിസംശയം ഉറപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളെ തന്ത്രപൂര്‍വം വിദേശത്ത് നിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് പ്രതി എല്ലാം ഏറ്റു പറയുകയായിരുന്നു.

2006ലാണ് ഹൈക്കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. സുപ്രീംകോടതിയും ശിക്ഷ ശരിവച്ചതോടെ ദയാഹര്‍ജിയുമായി രാഷ്ട്രപതിയുടെ മുന്നിലെത്തിയെങ്കിലും ഒരു കുടുംബത്തെ ഒന്നടങ്കം തുടച്ചു നീക്കുംവിധം കൂട്ടക്കൊല നടത്തിയെന്ന വിലയിരുത്തലിന് ഇളവ് ലഭിച്ചില്ല. ആന്റണി ഇതിനകം പൂജപ്പൂര സെന്‍ട്രല്‍ ജയിലില്‍ 13 വര്‍ഷത്തോളം തടവ് ശിക്ഷ പൂര്‍ത്തിയാക്കി കഴിഞ്ഞു.

എന്നാല്‍ വധശിക്ഷ 2009ല്‍ സുപ്രീംകോടതി ശരിവച്ചു. എന്നാല്‍ വധശിക്ഷയ്‌ക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് 2014ല്‍ ചീഫ് ജസ്റ്റീസായിരുന്ന ആര്‍എം ലോധയുടെ ബെഞ്ച് വിധിച്ചിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തില്‍ പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ആന്റണി ഹര്‍ജി നല്‍കുകയും പിന്നീടത് സുപ്രീംകോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.

Exit mobile version