പേര് രാഹുല്‍ ഗാന്ധി, ഇപ്പോള്‍ ‘തലവേദന’; പേരിലെ ഗാന്ധി മാറ്റാനൊരുങ്ങി ഇന്‍ഡോറിലെ 22കാരന്‍

പേരിലെ സാമ്യം ഇപ്പോള്‍ തനിക്ക് തലവേദനയായിരിക്കുന്നുവെന്നാണ് രാഹുല്‍ പറയുന്നത്.

ഭോപ്പാല്‍: പ്രമുഖരുടെ പേരിലെ സാമ്യം ജീവിക്കുന്ന സാധാരണക്കാര്‍ക്ക് വന്നാല്‍ പിന്നെ വലിയ തലവേദനയാണ്. പലരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇന്‍ഡോറിലുള്ള ഒരു ഇരുപത്തിരണ്ടുകാരന്‍. ഇദ്ദേഹത്തിന്റെ പേര് രാഹുല്‍ ഗാന്ധി എന്നാണ്. പേരിലുള്ള ഗാന്ധി മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പേരിലെ സാമ്യം ഇപ്പോള്‍ തനിക്ക് തലവേദനയായിരിക്കുന്നുവെന്നാണ് രാഹുല്‍ പറയുന്നത്.

രാഹുല്‍ ഗാന്ധി എന്നാണ് പേര് എന്നു പറയുമ്പോള്‍ ആരും അത് വിശ്വസിക്കാന്‍ തയ്യാറാകുന്നില്ലാ എന്ന് ഇദ്ദേഹം പറയുന്നു. ഇന്‍ഡോറില്‍ വസ്ത്രവ്യാപാരം നടത്തുകയാണ് രാഹുല്‍. ആധാര്‍ കാര്‍ഡ് മാത്രമാണ് വ്യക്തിത്വം തെളിയിക്കാന്‍ തന്റെ കൈവശമുള്ള ഏക ഉപാധിയെന്നും രാഹുല്‍ പറയുന്നു.

മൊബൈലിന് സിം എടുക്കാനോ മറ്റെന്തെങ്കിലും ആവശ്യത്തിനോ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായി ചെല്ലുമ്പോള്‍ ആളുകള്‍ എന്നെ തട്ടിപ്പുകാരനായി കാണുകയാണെന്നും രാഹുല്‍ പറയുന്നു. എന്റെ പേരു കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. അവര്‍ എന്നെ സംശയത്തോടെയാണ് നോക്കുന്നതെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പരിചയമില്ലാത്ത ആളുകളോട് ഫോണില്‍ സംസാരിക്കുമ്പോള്‍, രാഹുല്‍ ഗാന്ധിയാണെന്നു പറഞ്ഞാല്‍ ധാരാളം പേര്‍ കോള്‍ കട്ട് ചെയ്യാറുണ്ടെന്നും രാഹുല്‍ പറയുന്നു.

രാഹുലിന്റെ കുടുംബപ്പേര് ഗാന്ധി എന്നല്ല. രാജീവ് എന്നായിരുന്നു രാഹുലിന്റെ അച്ഛന്റെ പേര്. ബിഎസ് എഫില്‍ അലക്കുകാരനായിരുന്നു അദ്ദേഹം. സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ‘ഗാന്ധി’ എന്നു വിളിക്കാറുണ്ടായിരുന്നു. അതോടെ ഗാന്ധി എന്ന പേരിനോട് രാഹുലിന്റെ അച്ഛന് അടുപ്പം തോന്നുകയും അത് പേരിനൊപ്പം ചേര്‍ക്കുകയും ചെയ്തു. അങ്ങനെയാണ് രാഹുല്‍ മാളവ്യ എന്ന താന്‍ രാഹുല്‍ ഗാന്ധിയായി സ്‌കൂളില്‍ ചേര്‍ക്കപ്പെട്ടതെന്നും രാഹുല്‍ പറയുന്നു. ഇതാണ് രാഹുലിനും വളര്‍ന്നു വന്നപ്പോള്‍ വിനയായത്.

Exit mobile version