കര്‍ണാടക സ്പീക്കറായി ബിജെപിയുടെ വിശ്വേശ്വര്‍ ഹെഗ്ഡെ കഗേരി തെരഞ്ഞെടുക്കപ്പെട്ടു

ഉത്തരകന്നഡ ജില്ലയിലെ സിര്‍സിയില്‍ നിന്നുള്ള എംഎല്‍എയാണ് വിശ്വേശ്വര്‍

ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭാ സ്പീക്കറായി ബിജെപിയുടെ വിശ്വേശ്വര്‍ ഹെഗ്ഡെ കഗേരി തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ കൗണ്‍സില്‍ ഐകകണ്‌ഠ്യേനയാണ് വിശ്വേശ്വറിനെ തെരഞ്ഞെടുത്തത്.

ഉത്തരകന്നഡ ജില്ലയിലെ സിര്‍സിയില്‍ നിന്നുള്ള എംഎല്‍എയാണ് വിശ്വേശ്വര്‍. ആറാം തവണയാണ് അദ്ദേഹം നിയമസഭയില്‍ എത്തുന്നത്. 1994-99 കാലത്തും നിയമസഭാ സ്പീക്കറായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല വഹിച്ചിട്ടുണ്ട്. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിലൂടെയാണ് വിശ്വേശ്വറിന്റെ രാഷ്ട്രീയപ്രവേശം.

അങ്കോളയില്‍ നിന്നാണ് ആദ്യമായി നിയമ സഭയില്‍ എത്തിയത്. മൂന്ന് തവണ അങ്കോളിയില്‍ നിന്ന് ജയിച്ചു.
യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയതിനു പിന്നാലെ സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ രാജി വച്ചിരുന്നു. തുടര്‍ന്നാണ് വിശ്വേശ്വര്‍ ഹെഗ്‌ഡെ കഗേരിയെ സ്പീക്കറായി ബിജെപി നാമനിര്‍ദ്ദേശം ചെയ്തത്.

Exit mobile version