രാഹുൽ ഗാന്ധി വിദേശത്തു നിന്നും തിരിച്ചെത്തി; കോൺഗ്രസ് അധ്യക്ഷനെ ഉടൻ പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച് വിദേശത്തേക്ക് പോയ രാഹുൽ ഗാന്ധി നീണ്ട അവധിക്ക് ശേഷം തിരിച്ചെത്തി. രാഹുലിന്റെ തിരിച്ചുവരവോടെ കോൺഗ്രസ് അധ്യക്ഷനെ അടുത്തയാഴ്ച തെരഞ്ഞെടുത്തേക്കുമെന്നാണ് സൂചന.

അടുത്ത ആഴ്ച ചേരുന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ ഇക്കാര്യത്തെ സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ദിവസത്തിനുള്ളിൽ വർക്കിങ് കമ്മിറ്റി യോഗത്തിന്റെ തീയതി തീരുമാനിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പേരുകൾ ചുരുക്കപ്പട്ടികയാക്കിയിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് വെളിപ്പെടുത്തിയതായാണ് വിവരം.

പ്രസിഡന്റായിരുന്ന രാഹുൽ ഗാന്ധി രാജിവച്ചതിന് ശേഷമാണ് കോൺഗ്രസിൽ പ്രതിസന്ധി ഉടലെടുത്തത്. രാജി തീരുമാനം പിൻവലിക്കാൻ നേതൃതലത്തിലും പ്രവർത്തകർക്കിടയിലും സമ്മർദ്ദം ചെലുത്തിയെങ്കിലും രാഹുൽ ഗാന്ധി തയ്യാറായില്ല. നെഹ്‌റു കുടുംബത്തിൽനിന്ന് പാർട്ടിയുടെ തലപ്പത്തേക്ക് ആരും വരേണ്ടെന്ന നിലപാടാണ് രാഹുൽ ഗാന്ധി സ്വീകരിച്ചത്. തുടർന്ന് ഇടക്കാല പ്രസിഡന്റായി മുതിർന്ന നേതാവ് മോത്തിലാൽ വോഹ്‌റയെ തെരഞ്ഞെടുത്തിരുന്നു.

Exit mobile version