മുത്തലാഖ് ബില്ല് ലോക്‌സഭ പാസ്സാക്കി

ന്യൂഡല്‍ഹി: മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന മുത്തലാഖ് ബില്‍ (മുസ്ലിം വനിതാ വിവാഹാവകാശ സംരക്ഷണ ബില്‍) ലോക്സഭ പാസാക്കി.

ബില്ലിനെ 82 പേര്‍ എതിര്‍ത്തപ്പോള്‍ 303 അംഗങ്ങള്‍ അനുകൂലിച്ചു. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ശക്തമായ എതിര്‍പ്പിനിടെ ലോക്‌സഭ കടന്ന മുത്തലാഖ് ബില്‍ ഇനി രാജ്യസഭയില്‍ അവതരിപ്പിക്കും.

ലിംഗ നീതിക്കു വേണ്ടിയുള്ളതാണ് മുത്തലാഖ് ബില്‍ എന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് അവതരണ വേളയില്‍ പറഞ്ഞു. പാകിസ്താനും മലേഷ്യയും ഉള്‍പ്പെടെ ലോകത്തെ ഇരുപത് മുസ്ലിം രാജ്യങ്ങളില്‍ മുത്തലാഖ് നിരോധിച്ചിട്ടുണ്ട്. പിന്നെന്തുകൊണ്ട് മതേതര രാജ്യമായ ഇന്ത്യയില്‍ മുത്തലാഖ് നിരോധിച്ചു കൂടായെന്നും രവിശങ്കര്‍ പ്രസാദ് ആരാഞ്ഞു.

ഒറ്റയടിക്ക് മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷയും പിഴയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മുത്തലാഖ് നിരോധിച്ചു കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്. ബില്ലിനെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ് എംപിമാര്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

Exit mobile version