അധ്യക്ഷ സ്ഥാനത്തേക്കില്ല; പ്രവര്‍ത്തനം തുടരും: നിലപാടില്‍ ഉറച്ച് പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്കില്ലെന്ന് നിലപാടില്‍ ഉറച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നിലപാട് പ്രിയങ്ക മുതിര്‍ന്ന നേതാക്കളെ അറിയിച്ചു. ഇതോടെ ഗാന്ധി കുടുംബത്തില്‍ നിന്നു തന്നെ അധ്യക്ഷനെത്തുമെന്ന പ്രതീക്ഷകള്‍ അവസാനിച്ചു. പ്രവര്‍ത്തക സമിതി ഉടന്‍ ചേര്‍ന്ന് അധ്യക്ഷനെ സംബന്ധിച്ച തീരുമാനമെടുക്കും.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയത്തെ അഭിമുഖീകരിച്ചപ്പോള്‍ പ്രിയങ്കയുടെ ഇടപെടലാണ് പാര്‍ട്ടിയ്ക്ക് ഊര്‍ജ്ജം പകര്‍ന്നത്. രാഹുല്‍ഗാന്ധി രാജിവെച്ചപ്പോള്‍ ഇനി ആര് കോണ്‍ഗ്രസിനെ നയിക്കും എന്ന ചോദ്യത്തിന് ഉത്തരം പ്രിയങ്കഗാന്ധിയിലെത്തിയതും അതുകൊണ്ടാണ്.

അധ്യക്ഷ സ്ഥാനത്തേക്ക് വരുന്ന നേതാവ് യുവാവാകണം പരിചയ സമ്പന്നനാകണം എന്നിങ്ങനെ നേതാക്കള്‍ ചേരിതിരിഞ്ഞതോടെ സമവായ നീക്കമായും പ്രിയങ്കയുടെ പേര് ഉയര്‍ന്നിരുന്നു. അഭിപ്രായം പ്രവര്‍ത്തക സമിതിയില്‍ ഉന്നയിക്കാനായിരുന്നു നേതാക്കളുടെ തീരുമാനം. എന്നാല്‍ അധ്യക്ഷ പദവിയിലേക്ക് ഇല്ലെന്ന നിലപാട് പ്രിയങ്ക മുതിര്‍ന്ന നേതാക്കളെ അറിയിച്ചതായാണ് വിവരം. കോണ്‍ഗ്രസ് അധ്യക്ഷ പദവി താന്‍ ഏറ്റെടുക്കില്ല എന്നതില്‍ തര്‍ക്കമില്ലെന്നും അതേസമയം പ്രവര്‍ത്തനം തുടരുമെന്ന് പ്രിയങ്ക അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് അധ്യക്ഷന്‍ വരട്ടെ എന്ന രാഹുലിന്റെ സമാന അഭിപ്രായമാണ് പ്രിയങ്കക്കും. ഇതോടെ നേരത്തെ ഉണ്ടായിരുന്ന ഏഴുപേരുകളിലേക്ക് ചര്‍ച്ചകള്‍ വീണ്ടും തിരിഞ്ഞു. മുതിര്‍ന്ന നേതാക്കളായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ദിഗ് വിജയ് സിങ്, മുകുള്‍ വാസ്നിക്, കുമാരി ഷെല്‍ജ യുവ നിരയില്‍ നിന്നും സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് പട്ടികയിലുള്ളത്. പരിചയ സമ്പത്ത് പരിഗണിച്ചാല്‍ മുകുള്‍ വാസ്നിക്കിനോ ദളിത് പ്രാതിനിധ്യം പരിഗണിച്ചാല്‍ സുശീല്‍കുമാര്‍ ഷിന്‍ഡക്കോ നറുക്ക് വീഴാനാണ് സാധ്യത.

Exit mobile version