ഒടുവില്‍ പന്ത്രണ്ട് വര്‍ഷത്തെ കണക്ക് തീര്‍ത്ത് കുമാരസ്വാമിയെ ഇറക്കി വിട്ട് യെദ്യൂരപ്പ; ഇത്തവണയും അഞ്ച് വര്‍ഷം തികയ്ക്കാനാകില്ല

ബംഗളൂരു: 2018ല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തിലേറിയ ദിവസം മുതല്‍ കാത്തിരുന്ന നിമിഷം ഒടുവില്‍ ബിഎസ് യെദ്യൂരപ്പയെന്ന കര്‍ണാടകയിലെ ലിംഗായത്ത് നേതാവിനെ തേടിയെത്തിയിരിക്കുന്നു. രണ്ട് തവണ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടെങ്കിലും ഒടുവില്‍ തന്ത്രങ്ങള്‍ വിജയിച്ച് മുഖ്യമന്ത്രി കസേരയിലേക്ക് നടന്നടുത്തിരിക്കുകയാണ് യെദ്യൂരപ്പ. 2018ല്‍ രണ്ടുദിവസം മാത്രം മുഖ്യമന്ത്രി കസേരയിലിരുന്ന യെദ്യൂരപ്പയ്ക്ക് ഏറെ ശ്രമങ്ങള്‍ വേണ്ടിവന്നെങ്കിലും എതിര്‍പക്ഷത്തെ വിമതരുടെ സഹായത്തോടെ ‘വിജയം’ നേടാനായിരിക്കുന്നു.

ബിജെപി എന്നാല്‍ കര്‍ണാടകയില്‍ ഇന്നും യെദ്യൂരപ്പയെന്ന് തന്നെയാണ് അര്‍ത്ഥം. പാര്‍ട്ടിയെ എല്ലാ തരത്തിലും വളര്‍ത്തിയതും പിളര്‍ത്തിയതും യെദ്യൂരപ്പ തന്നെ. യെദ്യൂരപ്പയുടെ ശക്തി ബിജെപി ദേശീയ നേതൃത്വം അദ്ദേഹം ഒരിക്കല്‍ പാര്‍ട്ടി വിട്ടപ്പോള്‍ മനസിലാക്കിയതുമാണ്. 1985ല്‍ നിയമസഭയില്‍ വെറും 2 സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപിയെ 1999ല്‍ 44 സീറ്റ്, 2004ല്‍ 79, 2008ല്‍ 110, 2018ല്‍ 104 എന്നിങ്ങനെ വന്‍ ശക്തിയായി വളര്‍ത്തിയെടുത്ത യെദ്യൂരപ്പയ്ക്ക് ഇത്തവണയുള്‍പ്പെടെ, 3 തവണയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം നല്‍കിയത്.

ഒരിക്കല്‍ യെദ്യൂരപ്പ പിണങ്ങിപ്പോയ 2013ല്‍ ബിജെപി നേടിയത് വെറും 40 സീറ്റ് മാത്രമായിരുന്നു. അതേസമയം, കുമാരസ്വാമിയോടു യെദ്യൂരപ്പയുടെ പകയ്ക്ക് 12 കൊല്ലത്തെ പഴക്കമുണ്ട്. 2006ല്‍ ജനതാ ദളുമായി ചേര്‍ന്ന് ബിജെപി സഖ്യസര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍, കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം സമ്മാനിച്ചിരുന്നു. യെദ്യൂരപ്പ അന്ന് ഉപമുഖ്യമന്ത്രിയും ധനമന്ത്രിയും. എന്നാല്‍, സഖ്യധാരണ പ്രകാരം 20 മാസത്തിനു ശേഷം അധികാരം കൈമാറാന്‍ കുമാരസ്വാമി വിസമ്മതിച്ചതോടെ സഖ്യസര്‍ക്കാരില്‍ പടലപ്പിണക്കമായി. 2007ല്‍ യെഡിയൂരപ്പ മുഖ്യമന്ത്രിയായെങ്കിലും കുമാരസ്വാമി കാലുവാരിയതോടെ എട്ടാം ദിവസം യെദ്യൂരപ്പ സര്‍ക്കാര്‍ വീണു.

തൊട്ടടുത്ത വര്‍ഷം, നടന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരുടെ പിന്തുണയില്‍ ബിജെപി ഭരണം പിടിച്ച് യെദ്യൂരപ്പ മുഖ്യമന്ത്രിയായി. അന്ന് തൊട്ടാണ് മറ്റ് പാര്‍ട്ടികളിലെ എംഎല്‍എമാരെ ചാക്കിടുന്ന ‘ഓപ്പറേഷന്‍ താമര’യ്ക്ക് കര്‍ണാടകയില്‍ തുടക്കമായത്. അത്തവണയും 5 വര്‍ഷം തികച്ചില്ല. വിമതപ്രശ്‌നവും അഴിമതിയും ഖനനക്കേസും ഒരുമിച്ചു വന്നപ്പോള്‍ കസേര പോയി. പാര്‍ട്ടിയോടു പിണങ്ങി സ്വന്തം പാര്‍ട്ടിയുണ്ടാക്കുകയും ചെയ്തു. വീണ്ടും തിരികെ എത്തിയതിനു ശേഷം 2018ല്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ ഭരണം ഉറപ്പിച്ചതാണ്. ഇടയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപികരിച്ചതോടെ ആ സ്വപ്‌നം പൊലിഞ്ഞതാണ്. അന്നുമുതല്‍ സര്‍ക്കാരിനെ വീഴ്ത്താന്‍ കഠിനപരിശ്രമം നടത്തിയ യെദ്യൂരപ്പയ്ക്ക് ഫലം ലഭിച്ചിരിക്കുകയാണ്. അര്‍ധരാത്രിയോടെ കുമാരസ്വാമി രാജിവെച്ചതോടെ വീണ്ടും വലിച്ചിടാനുള്ള ശ്രമമായി. ഇപ്പോള്‍ ഇതാ, വീണ്ടും പേരിനുമുന്നില്‍ മുഖ്യമന്ത്രി എന്നു ചേര്‍ക്കാനൊരുങ്ങുന്നു. പക്ഷേ, കഴിഞ്ഞ 3 തവണത്തെയും പോലെ ഇത്തവണയും 5 കൊല്ലം തികയ്ക്കാനാകില്ല.

Exit mobile version