‘ഷണ്ഡനെന്ന്’ വിളിച്ചാല്‍ കേസെടുക്കാം; ബോംബെ ഹൈക്കോടതി

മുംബൈ: പുരുഷനെ ‘ഷണ്ഡന്‍’ എന്ന് വിളിക്കുന്നത് അപകീര്‍ത്തിപരമായ പരാമര്‍ശമാണെന്ന് ബോംബെ ഹൈക്കോടതി. ഭര്‍ത്താവ് നല്‍കിയ ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.

ഷണ്ഡന്‍ എന്ന വിളിക്കുന്നത് അധിക്ഷേപപരമാണെന്നും പ്രഥമദൃഷ്ട്യാ കേസ് എടുക്കാവുന്ന കുറ്റമാണെന്നും ജസ്റ്റിസ് എസ്ബി ശുക്രയുടെ വിധിയില്‍ പറയുന്നു. വിവാഹബന്ധത്തിലെ പ്രശ്‌നങ്ങള്‍ മൂലം 2016ല്‍ യുവതി വിവാഹമോചന ഹര്‍ജി നല്‍കിയതാണ് വിഷയങ്ങളുടെ തുടക്കം. ഈ കേസില്‍ മകളെ അച്ഛനൊപ്പം വിടാനായിരുന്നു കുടുംബ കോടതിയുടെ ഉത്തരവ്.

ഇതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഭര്‍ത്താവിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുണ്ടായത്. ഇതോടെ ഭര്‍ത്താവ് മാനനഷ്ട കേസ് നല്‍കുകയായിരുന്നു. ഇതില്‍ കോടതി ഉത്തരവ് പ്രകാരം യുവതിക്കെതിരെ ഐപിസി 500, 506 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

ഈ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ബോംബൈ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് പുരുഷനെ ഷണ്ഡന്‍ എന്ന് വിളിക്കുന്നത് അപകീര്‍ത്തിപരമായ പരമാര്‍ശമാണെന്ന വിധി വന്നിരിക്കുന്നത്.

മകള്‍ പിറന്നത് ചികിത്സയിലൂടെയാണെന്ന് കോടതിയെ അറിയിച്ച യുവതി ഭര്‍ത്താവിന്റെ ലൈംഗിക ശേഷിയെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കാമെന്ന് പറഞ്ഞെങ്കിലും കോടതി അതും കണക്കിലെടുത്തില്ല. ഭര്‍ത്താവിന്റെ ലൈംഗിക ശേഷിയെപ്പറ്റി ഭാര്യ നടത്തിയ ആരോപണം ജീവിതകാലം മുഴുവന്‍ വേട്ടയാടപ്പെടുമെന്ന് കോടതി നിരീക്ഷിച്ചു. കേസ് റദ്ദാക്കണമെന്ന യുവതിയുടെ ഹര്‍ജി കോടതി തള്ളുകയും ചെയ്തു.

Exit mobile version