ഭർത്താവിന്റെ ബലംപ്രയോഗിച്ചുള്ള ലൈംഗിക ബന്ധം കുറ്റകരമല്ല; ഭാര്യയുടെ ശരീരത്തിൽ ഭർത്താവിന് അവകാശമുണ്ട് ബോംബെ ഹൈക്കോടതി

woman | Kerala News

മുംബൈ: വിവാഹശേഷം ഭർത്താവ് ബലംപ്രയോഗിച്ച് ലൈംഗിക വേഴ്ച നടത്തിയാൽ കുറ്റകരമായി കണക്കാക്കാനാകില്ലെന്ന വിവാദ പരാമർശവുമായി ബോംബെ ഹൈക്കോടതി. ഭാര്യയുടെ ഇഷ്ടത്തിനു വിരുദ്ധമായി ബലം പ്രയോഗിച്ചുള്ള ലൈംഗിക വേഴ്ച കുറ്റകരമല്ല. ഭാര്യയുടെ ശരീരത്തിൽ ഭർത്താവിന് അവകാശമുണ്ടെന്നാണ് ബോംബെ അഡീഷണൽ സെഷൻസ് ജഡ്ജി സഞ്ജശ്രീ ജെ ഗാരട്ട് പരാമർശിച്ചത്.

ഭർത്താവ് നിർബന്ധിത ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്ന് കാണിച്ച് യുവതി നൽകിയ കേസിലായിരുന്നു കോടതിയുടെ പരാമർശം. ഭർത്താവ് നിയമവിരുദ്ധമായി ഒന്നും ചെയ്തില്ലെന്നായിരുന്നു കേസ് പരിഗണിക്കവെ കോടതി നിരീക്ഷിച്ചത്. കഴിഞ്ഞ നവംബർ 22നാണ് യുവതി വിവാഹിതയായത്. തുടർന്ന് ഭർത്താവിന്റെ കുടുംബം തനിക്ക് മേൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നും ഇതിനിടെയാണ് ഭർത്താവ് സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും പിന്നീട് ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ കാണുകയായിരുന്നെന്നും യുവതി പരാതിയിൽ പറയുന്നു.

ഭർത്താവും ബന്ധുക്കളും ചേർന്ന് സ്ത്രീധനം ആവശ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നും യുവതി പരാതിപ്പെട്ടിരുന്നു. എന്നാൽ, യുവതിയുടെ ആരോപണങ്ങൾ തെറ്റാണെന്നും തങ്ങളെ കള്ളക്കേസിൽ കുടുക്കാനാണ് ശ്രമമെന്നും യുവാവിന്റെ കുടുംബാംഗങ്ങൾ വാദിച്ചു. ഹർജി പരിഗണിക്കവേ എത്ര തുകയാണ് യുവതിയോട് സ്ത്രീധനമാവശ്യപ്പെട്ടതെന്ന് വ്യക്തമായിട്ടില്ലെന്നും നിർബന്ധിത ലൈംഗികബന്ധം കോടതിയിൽ നിലനിൽക്കില്ലെന്നും ജഡ്ജി പറയുകയായിരുന്നു.

അതേസമയം, ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായ ലൈംഗിക ചെയ്തികൾ ‘വൈവാഹിക ബലാത്സംഗം’ ആണെന്നായിരുന്നു കഴിഞ്ഞ ദിവസം കേരളാ ഹൈക്കോടതി വിധിച്ചത്. ഇത് വിവാഹമോചനം അവകാശപ്പെടാനുള്ള കാരണമാണെന്നും കോടതി പരാമർശിച്ചിരുന്നു. എന്നാൽ സമാനമായ കേസിലാണ് മുംബൈ ഹൈക്കോടതിയുടെ വ്യത്യസ്തമായ നിരീക്ഷണം.

Exit mobile version