പഠനത്തിനായി പണം ചെലവഴിച്ചു; പ്രതിമാസം ഭർത്താവിന് 3000 രൂപ ജീവനാംശം നൽകണമെന്ന് ഭാര്യയോട് കോടതി

മുംബൈ: വിവാഹമോചനത്തിന് ശേഷം ഭർത്താവിന് ജീവനാംശം നൽകണമെന്ന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. കീഴ്‌കോടതിയുടെ വിധി ശരിവെച്ചാണ് പ്രതിമാസം 3,000 രൂപ ജീവനാംശം നൽകണമെന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് അസാധാരണ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കീഴ്‌കോടതി വിധി റദ്ദാക്കണമെന്ന യുവതിയുടെ ഹർജി തള്ളുകയും ചെയ്തു.

മുൻ ഭർത്താവിന്റെ സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യത്തിൽ, യുവതി പഠിപ്പിക്കുന്ന സ്‌കൂളിനോട് പ്രതിമാസം അയ്യായിരം രൂപ ശമ്പളത്തിൽ നിന്ന് കിഴിച്ച് കോടതിയിൽ നിക്ഷേപിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

1992ൽ വിവാഹിതരായ ദമ്പതികൾ പിന്നീട് വിവാഹ ബന്ധം വേർപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. 2015 ൽ പ്രാദേശിക കോടതി വിവാഹമോചനം അനുവദിച്ചു. എന്നാൽ തന്റെ സാമ്പത്തിക സ്ഥിതി നല്ലതല്ലെന്നും ഭാര്യക്ക് ജോലിയുണ്ടെന്നും ഇത് കണക്കിലെടുത്ത് ഭാര്യയോട് പ്രതിമാസം 15,000 രൂപ എന്ന നിരക്കിൽ സ്ഥിരം ജീവനാംശം നൽകണമെന്ന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് നന്ദേഡിലെ കീഴ്കോടതിയിൽ ഹർജി നൽകിയതാണ് അപൂർവ്വമായ ഉത്തരവിലേക്ക് കോടതിയെത്തിയത്.

തനിക്ക് ജോലിയില്ലെന്നും ഭാര്യയുടെ വിദ്യാഭ്യാസത്തിന് താൻ ഒരുപാട് പണം നൽകിയിട്ടുണ്ടെന്നുമായിരുന്നു ഭർത്താവിന്റെ വാദം. ഭാര്യയെ പഠിപ്പിക്കുന്നതിനായി തന്റെ പല ആഗ്രഹങ്ങളും മാറ്റിവെച്ച് വീടുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു. തനിക്ക് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അതിനാൽ ആരോഗ്യനില മോശമാണെന്നും ഭാര്യ പ്രതിമാസം 30,000 രൂപ സമ്പാദിക്കുന്നുവെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.

also read- ഗതാഗത കുരുക്കിൽ സൈറൺ മുഴക്കി ആംബുലൻസ്, വഴിയൊരുക്കി ഉദ്യോഗസ്ഥർ; ഒടുവിൽ പൊളിഞ്ഞത് പച്ചക്കറിയുമായി വീട്ടിലേക്ക് പാഞ്ഞ ഡ്രൈവറുടെ അതിബുദ്ധി

വാദം കേട്ട വിചാരണക്കോടതി 2017ൽ യുവതി ഭർത്താവിന് ജീവനാംശമായി 3000 രൂപ നൽകണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ യുവതി മുൻ ഭർത്താവിന് പണം നൽകിയില്ലെന്ന് പരാതി വന്നതോടെ 2019 ൽ കോടതി മറ്റൊരു ഉത്തരവ് നൽകി. അതിൽ അപേക്ഷിച്ച തീയതി മുതൽ തീർപ്പാക്കൽ വരെ ജീവനാംശം നൽകാൻ കോടതി ഉത്തരവിട്ടു. തുടർന്ന് കോടതിയുടെ രണ്ട് ഉത്തരവുകളെയും ചോദ്യം ചെയ്ത് യുവതി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

എന്നാൽ, നിരാലംബരായ ഭാര്യയ്ക്കോ ഭർത്താവിനോ ജീവനാംശം നൽകാൻ വ്യവസ്ഥയുണ്ടെന്ന ഹിന്ദു വിവാഹ നിയമത്തിലെ 25-ാം വകുപ്പ് ഉദ്ധരിച്ച് കോടതി യുവതിയുടെ അപേക്ഷ തള്ളുകയായിരുന്നു.

Exit mobile version