നെഹ്‌റു കുടുംബത്തിന് പുറത്തു നിന്നൊരാള്‍ അധ്യക്ഷ സ്ഥാനത്ത് എത്തിയാല്‍ കോണ്‍ഗ്രസ് 24 മണിക്കൂറിനുള്ളില്‍ പിളരും; പ്രിയങ്ക തന്നെ അധ്യക്ഷയാകണമെന്ന് നട്‌വര്‍ സിങ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി തലപ്പത്തേക്ക് നെഹ്റു കുടുംബത്തില്‍ നിന്നുള്ള അംഗം തന്നെ എത്തണമെന്ന ആവശ്യം ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ നട്‌വര്‍ സിങ്. നെഹ്‌റു കുടുംബത്തിന് പുറത്തു നിന്ന് ആരെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തിയാല്‍ പാര്‍ട്ടി 24 മണിക്കൂറിനുള്ളില്‍ പിളരുമെന്ന് അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ രാജിക്ക് പിന്നാലെ അധ്യക്ഷനെ കണ്ടെത്താന്‍ പോലും കഴിയാതെ തളരുന്ന കോണ്‍ഗ്രസിന് മുന്നിലേക്ക് പ്രിയങ്കയ്ക്ക് വേണ്ടിയുള്ള ആവശ്യം ദിവസവും എത്തുകയാണ്. ഇതിനൊപ്പമാണ് ഈ മുറവിളിയെ അനുകൂലിച്ച് നട്വര്‍ സിങും രംഗത്തെത്തിയിരിക്കുന്നത്. 134 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ട്ടിക്ക് ദേശീയ അധ്യക്ഷനില്ലാതിരിക്കുന്ന അവസ്ഥ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രിയങ്കാ ഗാന്ധി അധ്യക്ഷയാകണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍രുകയാണ്. ഉത്തര്‍പ്രദേശില്‍ വെച്ച് പ്രിയങ്കയെ തടഞ്ഞതും തുടര്‍ന്നു വന്ന വിവാദ സംഭവങ്ങളും പാര്‍ട്ടിയെ നയിക്കാനുള്ള പ്രിയങ്കയുടെ പ്രാഗത്ഭ്യമാണ് തെളിയിക്കുന്നതെന്ന് നട്വര്‍ സിങ് അഭിപ്രായപ്പെട്ടു.അതേസമയം നെഹ്റു കുടുംബത്തില്‍ നിന്ന് ആരും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തരുതെന്നാണു രാഹുല്‍ ഗാന്ധി പറഞ്ഞിരിക്കുന്നതെന്നും ഈ തീരുമാനം മാറ്റാന്‍ പ്രിയങ്കയ്ക്ക് മാത്രമേ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version