വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്താനില്ല; സഖ്യസര്‍ക്കാരുണ്ടാക്കാന്‍ ബിജെപി തന്നെ സമീപിച്ചു; വെളിപ്പെടുത്തി കുമാരസ്വാമി

ബംഗളൂരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാരുണ്ടാക്കാന്‍ ബിജെപി തന്നെ സമീപിച്ചെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. വിശ്വാസപ്രമേയ ചര്‍ച്ച നിയമസഭയില്‍ പുരോഗമിക്കവേയാണ് കുമാരസ്വാമിയുടെ വെളിപ്പെടുത്തല്‍. ഉച്ചയ്ക്ക് വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണറുടെ നിലപാട് അംഗീകരിക്കില്ലെന്നും അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ആഗ്രഹമില്ലെന്നും കുമാരസ്വാമി പറഞ്ഞു.

നേരത്തെ, ഉച്ചക്ക് മുമ്പ് വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ സ്പീക്കര്‍ക്ക് അയച്ച കത്തില്‍ അന്ത്യശാസനം നല്‍കിയിരുന്നു. അതേസമയം, വിശ്വാസപ്രമേയ നടപടികള്‍ സഭയില്‍ തുടങ്ങിയതിനാല്‍ ഗവര്‍ണര്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഗവര്‍ണറുടെ ഇടപെടല്‍ അനാവശ്യമാണെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീംകോടതിയെ സമീപിക്കാനും കോണ്‍ഗ്രസ് ആലോചിച്ചിരുന്നു.

അതേസമയം, ഇന്ന് രാവിലെ 11 ന് നിയമസഭ തുടങ്ങിയതോടെ വിശ്വാസപ്രമേയ ചര്‍ച്ച പുനരാരംഭിച്ചിരിക്കുകയാണ്. ഇതിനിടെ ഗവര്‍ണര്‍ നെറികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി കര്‍ണാടക ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്തെത്തിയതും വിവാദമായി. കോണ്‍ഗ്രസ്‌ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗവര്‍ണര്‍ ഭരണഘടന ദുരുപയോഗിക്കുന്നുവെന്നും വിശ്വാസപ്രമേയത്തില്‍ എപ്പോള്‍ വോട്ടെടുപ്പ് നടത്തണമെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version