ഹൈന്ദവ ആഘോഷത്തില്‍ ഹിജാബ് ധരിച്ചെത്തിയ ബിജെപി വനിതാ നേതാവിന് നേരെ ഭീഷണി; വീടൊഴിയണമെന്ന് ഉടമയും; പോലീസില്‍ അഭയം തേടി ഇസ്രത് ജഹാന്‍

ഹൗറ: ഹൈന്ദവ ആഘോഷത്തില്‍ ഹിജാബ് ധരിച്ച് പങ്കെടുത്ത ബിജെപി മുസ്ലിം വനിതാ നേതാവിനെതിരെ ഭീഷണി. ബംഗാളിലെ ബിജെപി നേതാവ് ഇസ്രത് ജഹാനാണ് സമുദായംഗങ്ങള്‍ക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. താമസിക്കുന്ന വീട്ടില്‍നിന്ന് ഒഴിഞ്ഞുപോകാനായി ഉടമ ആവശ്യപ്പെട്ടതായി ഇസ്രത് ജഹാന്‍ പറയുന്നു. ഭീഷണിയെ ഭയന്ന് ചൊവ്വാഴ്ച ഇവര്‍ പോലീസിനെ സമീപിച്ചു. മുത്തലാഖ് വിഷയത്തില്‍ പരാതി നല്‍കിയ വനിതകളിലൊരാളാണ് ഇസ്രത് ജഹാന്‍.

ഹൗറയിലെ എസി മാര്‍ക്കറ്റില്‍ നടന്ന ഹനുമാന്‍ ചലിസയില്‍ ഇസ്രത് പങ്കെടുത്തിരുന്നു. പരിപാടിക്ക് ശേഷം വീട്ടിലെത്തിയ തന്നെ സ്വസമുദായത്തില്‍നിന്നുള്ളവര്‍ ഭീഷണിപ്പെടുത്തിയെന്നും വീട് ഒഴിയണമെന്നും ആവശ്യപ്പെട്ടതായി ഇവര്‍ ആരോപിച്ചു. ഹിജാബ് ധരിച്ച് ഹൈന്ദവ ആഘോഷത്തില്‍ പങ്കെടുത്തതിനെ ചോദ്യം ചെയ്താണ് ഭീഷണിയെന്ന് ഇസ്രത് പറയുന്നു.

വീടിന് മുന്നിലെത്തിയ സംഘം, തന്നോട് ഉടന്‍ വീടൊഴിയണമെന്നും അല്ലെങ്കില്‍ ബലമായി പിടിച്ചിറക്കുമെന്നും ഭീഷണിപ്പെടുത്തി. താന്‍ ഭീഷണി നേരിടുന്നുണ്ടെന്നും അതിനാല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നുമാണ് ഇവരുടെ ആവശ്യം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Exit mobile version