കുല്‍ഭൂഷണിനെ മോചിപ്പിക്കാന്‍ ശ്രമിക്കും; വിധി നടപ്പാക്കാന്‍ പാകിസ്താന്‍ തയ്യാറാകണമെന്നും വിദേശകാര്യ മന്ത്രി

ന്യൂഡല്‍ഹി: പാകിസ്താന്റെ പിടിയില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ മോചനത്തിനായി ശ്രമങ്ങള്‍ തുടരുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെ സ്വാഗതം ചെയ്യുന്നു. കോടതി വിധിയെ അതിന്റെ എല്ലാ അന്ത:സത്തയും ഉള്‍ക്കൊണ്ട് നടപ്പിലാക്കാന്‍ പാകിസ്താന്‍ തയ്യാറാകണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടു. കോടതിയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ ഹരീഷ് സാല്‍വെയെയും അദ്ദേഹത്തിന്റെ കീഴിലുള്ള അഭിഭാഷക സംഘത്തേയും അഭിനന്ദിക്കുന്നതായും മന്ത്രി എസ് ജയശങ്കര്‍ സഭയില്‍ പറഞ്ഞു.

പാകിസ്താന്‍ വിയന്ന കരാര്‍ ലംഘിച്ചെന്ന ഇന്ത്യയുടെ വാദം അന്താരാഷ്ട്ര നീതിന്യായ കോടതി അംഗീകരിക്കുകയായിരുന്നു. കുല്‍ഭൂഷണ്‍ ജാദവ് നിരപരാധിയാണ്. ഇന്ത്യയുടെ വിജയമാണ് കോടതിയിലുണ്ടായിരിക്കുന്നത്. കുല്‍ഭൂഷണ്‍ ജാദവിനെ എത്രയും പെട്ടന്ന് വിട്ടയയ്ക്കാന്‍ പാകിസ്താന്‍ തയ്യാറാകണം. പ്രതിസന്ധിഘട്ടങ്ങളിലും കുല്‍ഭൂഷണിന്റെ കുടുംബം സംയമനം കൈവിടാതെ നിലകൊണ്ടു. അതില്‍ അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നെന്നും മന്ത്രി പറഞ്ഞു.

കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാകിസ്താന്‍ കോടതിയുടെ തീരുമാനം അന്താരാഷ്ട്ര നീതിന്യായ കോടതി ഒന്നിനെതിരെ 15 വോട്ടുകള്‍ക്ക് തള്ളുകയായിരുന്നു.

Exit mobile version