ഇന്ത്യന്‍ അതിര്‍ത്തിയില്‍ കിലോമീറ്ററുകളോളം ചൈന അതിക്രമിച്ചു കയറിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം; പ്രതിരോധമന്ത്രി പാര്‍ലമെന്റില്‍

ന്യൂഡൽഹി: രാജ്യാതിർത്തിയിലേക്ക് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി ലഡാക്കിൽ അതിക്രമിച്ചുകയറിയെന്ന റിപ്പോർട്ടുകളെ തള്ളി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. അതിർത്തിയിൽ ചൈന അതിക്രമിച്ചുകയറിയെന്ന റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രമന്ത്രി ലോക്‌സഭയിൽ പറഞ്ഞു. ഡോക്‌ലാമിൽ ഇരുസേനകളും സംയമനം പാലിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി ലഡാക്കിൽ ആറ് കിലോമീറ്ററോളം അതിക്രമിച്ചുകയറിയെന്നും അവരുടെ പതാക സ്ഥാപിച്ചെന്നുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന വാർത്തകൾ. എന്നാൽ, ഇതിനെ പൂർണ്ണമായും തള്ളിക്കൊണ്ടാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ഭൂട്ടാൻ-ടിബറ്റ് അതിർത്തി പ്രദേശമായ ഡോക്‌ലാമിനെച്ചൊല്ലി രണ്ടുവർഷം മുമ്പ് വലിയ തർക്കം രൂപപ്പെട്ടിരുന്നു. അതിനുസമാനമായ സാഹചര്യം ഇരുരാജ്യങ്ങൾക്കുമിടയിൽ വീണ്ടും സൃഷ്ടിക്കപ്പെടുമെന്ന ഭീതിയിലായിരുന്നു രാജ്യം.

അതിര്‍ത്തിയില്‍ സമാധാനവും ശാന്തതയും നിലനിര്‍ത്താനുള്ള കരാറുകളെ ഇരുരാജ്യങ്ങളും ബഹുമാനിക്കുന്നുണ്ടെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. അതിര്‍ത്തിസുരക്ഷ ഉറപ്പുവരുത്താന്‍ റോഡുകള്‍, തുരങ്കങ്ങള്‍, റെയില്‍വേപാളങ്ങള്‍ തുടങ്ങിയവയില്‍ കാതലായ അഴിച്ചുപണികളും നിര്‍മ്മാണവും നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു.

Exit mobile version