പ്രതിസന്ധിക്കിടെ കര്‍ണാടകയില്‍ നിയമസഭാ സമ്മേളനത്തിന് തുടക്കം; ഭൂരിപക്ഷമില്ലാതെ സര്‍ക്കാര്‍ സമ്മേളനം വിളിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ബിജെപി

സാഹചര്യങ്ങള്‍ ഇങ്ങനെയായിരിക്കെ കര്‍ണാടക നിയമസഭ ബഹളത്തില്‍ മുങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്.

ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ നിര്‍ണായകമായി വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനം. ഭരണപക്ഷത്തെ എംഎല്‍എമാരുടെ രാജിയോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ബിജെപി നിലപാട്. ഇതിനിടെ, രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നിലപാടിനെതിരെ എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ വിധിയും ഇന്നു തന്നെയാണ് പുറത്തുവരുന്നത്. സാഹചര്യങ്ങള്‍ ഇങ്ങനെയായിരിക്കെ കര്‍ണാടക നിയമസഭ ബഹളത്തില്‍ മുങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്.

പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടുമെന്നാണ് മന്ത്രിസഭായോഗത്തില്‍ കൈക്കൊണ്ട തീരുമാനം. സ്പീക്കര്‍ എംഎല്‍എമാരുടെ രാജി സ്വീകരിക്കുന്നതില്‍ കാലതാമസം വരുത്തിയാല്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബിജെപി നീക്കം. അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന സൂചനയുമുണ്ട്. എന്നാല്‍ സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിലായിരിക്കും ഗവര്‍ണറുടെ നിലപാടും നിര്‍ണായകമാകും. ഭരണപക്ഷത്തുനിന്ന് 16 പേര്‍ രാജിവെച്ചതോടെ സഭയുടെ അംഗബലം 208 ആയി കുറഞ്ഞു. ഇതില്‍ ബിജെപിക്ക് 107 പേരുടെയും കോണ്‍ഗ്രസ്- ദള്‍ സഖ്യത്തിന് 101 പേരുടെയും പിന്തുണയുമാണുള്ളത്. ഈ സാഹചര്യത്തില്‍ ധനബില്‍ പാസാക്കുന്നത് ബുദ്ധിമുട്ടായിരിക്കും.

ഇപ്പോഴും വിമതപക്ഷത്ത് നില്‍ക്കുന്നവരെ അനുനയിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം. രാജിവെച്ച എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസും ജനതാദള്‍ എസും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടിക്ക് സാധ്യത കുറവാണ്. 16 പേരെ അയോഗ്യരാക്കിയാല്‍ സഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള അവസരം പൂര്‍ണമായും ഇല്ലാതാകും. ബിജെപിക്ക് സര്‍ക്കാരിനെ വീഴ്ത്താനും കഴിയും. നിലവില്‍ ഭരണപക്ഷത്തെക്കാള്‍ ബിജെപിക്ക് ആറ് അംഗങ്ങളുടെ കൂടുതല്‍ പിന്തുണയുണ്ട്.

Exit mobile version