കര്‍ണാടക സഖ്യസര്‍ക്കാരിന്റെ ഭാവി ഇന്ന് നിര്‍ണയിക്കും; 13 എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കറുടെ തീരുമാനം ഇന്ന്

ബംഗളൂരു: കര്‍ണാടകയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന സ്പീക്കറുടെ സുപ്രധാന തീരുമാനം ഇന്ന്. ഭരണപക്ഷത്തെ 13 വിമത എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടാവും. രാവിലെ 9.30ന് കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേരുന്നുണ്ട്.

വിമതരെ കൂടി ഉള്‍ക്കൊള്ളിച്ചാണ് യോഗം. രാജി സമര്‍പ്പിച്ച എംഎല്‍എമാരെത്തുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. പങ്കെടുക്കാത്തവരെ അയോഗ്യരാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇത് തീരുമാനിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ കെസി വേണുഗോപാല്‍, ദിനേശ് ഗുണ്ടു റാവു, സിദ്ധരാമയ്യ, ജി പരമേശ്വര, എംബി പാട്ടില്‍ എന്നിവര്‍ നിയമോപദേശകരുമായി യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇതിനിടെ അനുനയ ശ്രമം സജീവമാക്കി കോണ്‍ഗ്രസ് നേതാവും പ്രമുഖ വ്യവസായിയുമായ ഡികെ ശിവകുമാര്‍ വിമത എംഎല്‍എമാരെ നേരിട്ട് കാണുന്നതിനായി ബംഗളൂരുവില്‍നിന്ന് മുംബൈയിലേക്ക് തിരിച്ചു. എംഎല്‍എമാരെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണിത്.

അതേസമയം, 107 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട ബിജെപി മുഖ്യമന്ത്രി കുമാരസ്വാമിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും.

Exit mobile version