കോണ്‍ഗ്രസിലെ നാഥനെ തിരയാന്‍ തര്‍ക്കം രൂക്ഷം; സമവായ നിര്‍ദേശമായി എകെ ആന്റണിയുടെ പേരും, സോണിയ ഗാന്ധിക്കും സമ്മതം..?

പുതിയ അദ്ധ്യക്ഷന്‍ ആരാകണം എന്ന കാര്യത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ രാജിയോടെ കോണ്‍ഗ്രസിലെ നാഥനെ കണ്ടെത്തുവാനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം നാഥനെ കണ്ടെത്തുന്ന കാര്യത്തില്‍ തര്‍ക്കങ്ങളും രൂക്ഷമാവുകയാണ്. ഇപ്പോള്‍ സമവായ നിര്‍ദേശമായി ഉയരുന്നത് എകെ ആന്റണിയുടെ പേര് ആണ്. എകെ ആന്റണി അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് വരുന്നതില്‍ സോണിയ ഗാന്ധിയും താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് ലഭിക്കുന്ന വിവരം.

പുതിയ അദ്ധ്യക്ഷന്‍ ആരാകണം എന്ന കാര്യത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അണിയറയിലായിരുന്നു ആദ്യം കലഹം നിലനിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ തര്‍ക്കം പരസ്യമായി കഴിഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്തര്‍ സിംഗിന് പുറമേ ഹരിഷ് റാവാത്ത്, ആനന്ത് ശര്‍മ്മ, ദ്വിഗ് വിജയ് സിംഗ്, മധുസൂദനന്‍ മിസ്ത്രി, ജനാര്‍ദ്ധന്‍ ദ്വിവേദി തുടങ്ങിയ ഒരു കൂട്ടം നേതാക്കള്‍ ആണ് അതൃപ്തി രേഖപ്പെടുത്തി രംഗത്ത് എത്തിയിട്ടുള്ളത്.

അഹമ്മദ് പട്ടേലിന്റെ നേത്യത്വത്തിലുള്ള വിഭാഗം നടത്തുന്ന നീക്കങ്ങള്‍ പ്രതിരോധിയ്ക്കുകയാണ് ഇവരുടെ ലക്ഷ്യം. ഈ സാഹചര്യത്തിലാണ് സമവായ നിര്‍ദേശമായി എകെ ആന്റണിയുടെ പേര് ഉയരുന്നത്. അടുത്ത ദിവസം തന്നെ എകെ ആന്റണിയോട് സോണിയാ ഗാന്ധി തന്നെ ഇക്കാര്യം ആവശ്യപ്പെടാനും സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ആന്റണി അദ്ധ്യക്ഷ പദത്തില്‍ എത്തുന്നതിനോട് രാഹുല്‍ ഗാന്ധിക്കും എതിര്‍പ്പില്ലെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഇനി എകെ ആന്റണിയുടെ നിലപാട് കൂടിയാണ് അറിയേണ്ടത്.

Exit mobile version