‘മോദിമാരെല്ലാം കള്ളന്മാര്‍’; പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

പട്ന: ‘മോദിമാരെല്ലാം കള്ളന്മാരാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ‘ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി നല്‍കിയ മാനനഷ്ടക്കേസില്‍ രാഹുലിന് ജാമ്യം. പാട്ന കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഇന്ന് രാവിലെയോടെ പട്നയിലെത്തിയ രാഹുല്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കോടതിയില്‍ ഹാജരായത്. തനിക്കെതിരെ ആര്‍എസ്എസും ബിജെപിയും മനപൂര്‍വം കെട്ടിച്ചമക്കുന്ന കേസുകളാണ് ഇതെല്ലാമെന്ന് പറഞ്ഞ രാഹുല്‍, ആര്‍എസ്എസിന്റേയും നരേന്ദ്ര മോഡിയുടേയും ആശയത്തിന് എതിരെ നില്‍ക്കുന്നവര്‍ ആക്രമിക്കപ്പെടുമെന്നും ആരോപിച്ചു.

അതേസമയം, കര്‍ണാടകയിലെ കോളാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റെ കേസിനാസ്പദമായ പരാമര്‍ശം. ഏപ്രില്‍ പതിമൂന്നിന് നടത്തിയ പ്രസംഗത്തില്‍ നീരവ് മോദിയെയും ലളിത് മോദിയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പേരെടുത്ത് രാഹുല്‍ വിമര്‍ശിക്കുകയായിരുന്നു.

റാഫേല്‍ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പങ്കിന്റെ കുറിച്ച് സംസാരിച്ചുകൊണ്ടായിരുന്നു രാഹുല്‍ പ്രസ്താവന നടത്തിയത്. ഇതിനെതിരെ കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് സുശീല്‍ കുമാര്‍ മോദി മാനനഷ്ടക്കേസ് നല്‍കിയത്. കേസ് പരിഗണിച്ച പാട്ന ചീഫ് മജിസ്ട്രേറ്റ് കോടതി രാഹുലിനോട് നേരിട്ട് ഹാജരായി മറുപടി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Exit mobile version