ഇറച്ചിക്കോഴി ലോറി നിര്‍ത്തിയിട്ടതിന് ലോറി ജീവനക്കാരെ കൈയ്യേറ്റം ചെയ്ത് ശിവസേനാ നേതാവും സംഘവും

മുംബൈ: ഇറച്ചിക്കോഴികളെ കയറ്റിയ ലോറികള്‍ മഹിം റെയില്‍വേസ്റ്റഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടെന്ന് ആരോപിച്ച് ശിവസേനാ നേതാവും സംഘവും ലോറി ജീവനക്കാരെ ക്രൂരമായി മര്‍ദ്ദനത്തിനിരയാക്കി. മുംബൈയിലെ മഹിമിലാണ് പുതിയ സംഭവം.

ശിവസേന നേതാവും മുംബൈ മുന്‍ മേയറുമായ മിലിന്ദ് വൈദ്യയുടെ നേതൃത്വത്തിലുള്ള സംഘം ചരക്ക് ലോറി ജീവനക്കാരെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇവര്‍ രണ്ട് ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാം.

വാഹനങ്ങള്‍ ഇവിടെ നിര്‍ത്തിയിടുന്നത് പ്രദേശത്തെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായി മിലിന്ദ് വൈദ്യ ആരോപിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ബൃഹ്മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഈ പ്രശ്നം ഉന്നയിക്കുന്നു. ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് ഇപ്പോള്‍ നിയമം കൈയ്യിലെടുക്കേണ്ടിവന്നതെന്നും വൈദ്യ പറയുന്നു.

കഴിഞ്ഞദിവസമാണ് മുംബൈ-ഗോവ ഹൈവേയിലെ കങ്കവാലിയില്‍ കോണ്‍ഗ്രസ് എംഎല്‍എ നിതേഷ് നാരായണ്‍ റാണെയും അനുയായികളും ബക്കറ്റില്‍ ചെളി നിറച്ച് എന്‍ജിനീയറായ പ്രകാശ് ഷേദേക്കറുടെ മേല്‍ ഒഴിക്കുന്ന വീഡിയോ പുറത്തുവന്നത്. എന്‍ജിനീയറെ പിന്നീട് പാലത്തില്‍ കെട്ടിയിടുകയും ചെയ്തു. പ്രദേശത്തെ ഒരു സര്‍വീസ് റോഡിന്റെ പണി പൂര്‍ത്തീകരിക്കാന്‍ വൈകുന്നതായി ആരോപിച്ചാണ് എംഎല്‍എയും കൂട്ടരും എന്‍ജിനീയറുടെ നേരെ അതിക്രമം കാട്ടിയത്.

Exit mobile version