പ്രഫുൽ പട്ടേലിന് തിരിച്ചടി; ദാദ്ര നഗർഹവേലി തെരഞ്ഞെടുപ്പിൽ ശിവസേനയ്ക്ക് വിജയം; മണ്ഡലം തിരിച്ചുപിടിച്ചത് ആത്മഹത്യ ചെയ്ത മുൻഎംപിയുടെ ഭാര്യ കലാബെൻ

അഹമ്മദാബാദ്: ദാദ്ര നഗർഹവേലി ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ താരപ്രചാരകരെ ഇറക്കിയിട്ടും ബിജെപിക്ക് തിരിച്ചടി. ശിവസേനയുടെ കലാബെൻ ദേൽക്കറാണ് മണ്ഡലത്തിൽ വലിയ വിജയം നേടിയത്. ഇതോടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനും ഫലം തിരിച്ചടിയായി. പട്ടേലിനെതിരേ ആരോപണങ്ങളുന്നയിച്ച് ആത്മഹത്യചെയ്ത മുൻ എംപി മോഹൻ ദേൽക്കറിന്റെ ഭാര്യയാണ് ശിവസേന സ്ഥാനാർത്ഥിയായി വിജയിച്ച കലാബെൻ.0

കലാബെൻ ബിജെപിയുടെ മഹേഷ് ഗവിതിനെ അമ്പതിനായിരത്തിൽപ്പരം വോട്ടുകൾക്കാണ് തോൽപ്പിച്ചത്. മഹാരാഷ്ട്രയ്ക്ക് പുറത്തുള്ള ശിവസേനയുടെ ലോക്സഭാ വിജയമെന്ന പ്രത്യേകതയും ഈ വിജയത്തിനുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 22-നാണ് എംപിയായിരുന്ന മോഹൻ ദേൽക്കർ മുംബൈയിലെ ഹോട്ടലിൽ ആത്മഹത്യചെയ്തത്. തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. പ്രഫുൽ പട്ടേലും ഉദ്യോഗസ്ഥരും തന്നെ നിരന്തരം വേട്ടയാടുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതായി കത്തെഴുതിവെച്ചാണ് മോഹൻ ജീവനൊടുക്കിയത്. 1989 മുതൽ ഏഴുതവണ ലോക്സഭാംഗമായിരുന്ന ആദിവാസി നേതാവുകൂടിയായ ഇദ്ദേഹത്തിന്റെ ആത്മഹത്യ വൻവിവാദമായിരുന്നു.

മുംബൈ മറൈൻഡ്രൈവ് പോലീസ് പ്രഫുൽ പട്ടേലടക്കം ഒമ്പതുപേർക്കെതിരേ കേസെടുത്തെങ്കിലും സാക്ഷിമൊഴി രേഖപ്പെടുത്തുകയേ ചെയ്തിട്ടുള്ളൂ. മോഹൻ ദേൽക്കർ 2019-ൽ സ്വതന്ത്രനായാണ് വിജയിച്ചത്. എന്നാൽ, ഇത്തവണ ശിവസേന ദേൽക്കറുടെ ഭാര്യയായ കലാബെന്നിനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു.

രാഷ്ട്രീയസ്വാധീനം ഒഴിവാക്കാനായി പ്രഫുൽ പട്ടേലിനോട് തിരഞ്ഞെടുപ്പുകാലത്ത് മണ്ഡലത്തിൽനിന്ന് വിട്ടുനിൽക്കാൻ തിരഞ്ഞെടുപ്പുകമ്മിഷൻ നിർദേശിച്ചു. പ്രധാന ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയിരുന്നു. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, അശ്വിനി വൈഷ്‌ണോ, മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് തുടങ്ങി വൻനിരയെ ഇറക്കിയാണ് ബിജെപി പ്രചാരണം നടത്തിയത്.

പക്ഷെ, എംപിയുടെ മരണം തിരഞ്ഞെടുപ്പിലെ നിർണായകഘടകമായി മാറി. സഞ്ജയ് റാവുത്തിന്റെ നേതൃത്വത്തിലുള്ള ശിവസേന പ്രചാരണത്തിൽ ആദിത്യ താക്കറെയായിരുന്നു താരപ്രചാരകൻ.

കഴിഞ്ഞതവണ ഒമ്പതിനായിരം വോട്ടിന് ജയിച്ച മോഹൻ ദേൽക്കറെക്കാൾ ഭൂരിപക്ഷം നേടാനും കലാബെന്നിന് കഴിഞ്ഞു. ലക്ഷദ്വീപിന്റെ ചുമതലകൂടിയുള്ള പ്രഫുൽ പട്ടേലിന് വ്യക്തിപരമായും തിരിച്ചടിയാണ് ബിജെപിയുടെ തോൽവി. മണ്ഡലത്തിൽവരുന്ന രണ്ടുപഞ്ചായത്തുകളിലെ ഉപതിരഞ്ഞെടുപ്പുകളിലും ശിവസേന വിജയിച്ചിട്ടുണ്ട്.

Exit mobile version