മോഡിയെ കാണാന്‍ 1170 കിലോമീറ്റര്‍ ദൂരം സൈക്കിളില്‍ താണ്ടിയെത്തി; വാക്ക് പാലിച്ച് എത്തിയ അതിഥിയെ സ്വീകരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഗുജറാത്തില്‍ നിന്ന് 1170 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ചവിട്ടിയെത്തിയ അതിഥിയെ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ അഭിനന്ദനമറിയിക്കാന്‍ ഗുജറാത്ത് അംമ്രേലി സ്വദേശിയായ കിംചന്ദ് ചന്ദ്രാണിയാണ് സൈക്കിള്‍ ചവിട്ടി ഡല്‍ഹിയിലെത്തിയത്. കിംചന്ദുമായി കൂടിക്കാഴ്ച നടത്തിയ വിവരം മോഡി ട്വീറ്റ് ചെയ്തു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ട്വീറ്റ് ചെയ്തു.

‘അംമ്രേലിയില്‍ നിന്നെത്തിയ അസാധാരണ വ്യക്തിയായ കിംചന്ദ് ഭായിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. ബിജെപി മുന്നൂറിലധികം സീറ്റ് നേടിയാല്‍ സൈക്കിളില്‍ ഡല്‍ഹിയിലെത്തുമെന്ന് അദ്ദേഹം ശപഥം ചെയ്തിരുന്നു. അദ്ദേഹം തന്റെ വാക്ക് പാലിച്ചു. അദ്ദേഹത്തിന്റെ വിനയത്തിലും ആത്മാര്‍ത്ഥതയിലും ഞാന്‍ ആകൃഷ്ടനായി’-മോഡി ട്വിറ്ററില്‍ കുറിച്ചു.

17 ദിവസം കൊണ്ടാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. സൈക്കിളില്‍ മോഡിയുടെ ചിത്രങ്ങളും ബിജെപിയുടെ കൊടിയുമേന്തിയാണ് കിംചന്ദ് സൈക്കിളില്‍ യാത്ര ചെയ്തത്.

മോഡിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും സന്ദര്‍ശിച്ച് വിജയത്തില്‍ അഭിനന്ദനമറിയിച്ചെന്ന് കിം ചന്ദ് പറഞ്ഞു. പ്രതിദിനം 70-80 കിലോമീറ്ററില്‍ സൈക്കിളില്‍ യാത്ര ചെയ്ത് ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലും തങ്ങിയാണ് ഡല്‍ഹിയിലെത്തിയതെന്നും കിം ചന്ദ് വ്യക്തമാക്കി.

Exit mobile version