ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു; ടാറ്റാ സ്റ്റീല്‍ കമ്പനിയിലെ മാനേജരെ ജീവനക്കാരന്‍ വെടിവെച്ച് കൊന്നു

കമ്പനിയിലെ മുന്‍ ജീവനക്കാരനായ വിശ്വാസ് പാണ്ഡെയെയാണ് ഓഫീസില്‍ കയറി മാനേജറെ വെടിവെച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ന്യൂഡല്‍ഹി; ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതില്‍ പ്രകോപിതനായ ജീവനക്കാരന്‍ മാനേജരെ വെടിവെച്ച് കൊലപ്പെടുത്തി. ഫരീദാബാദിലെ ടാറ്റായുടെ ഹാര്‍ഡ് വേര്‍ ചൗക്ക് എന്ന കമ്പനിയിലാണ് സംഭവം. അരിന്ദം പാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കമ്പനിയിലെ മുന്‍ ജീവനക്കാരനായ വിശ്വാസ് പാണ്ഡെയെയാണ് ഓഫീസില്‍ കയറി മാനേജറെ വെടിവെച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചഭക്ഷണം കഴിഞ്ഞ് തന്റെ ക്യാബിനില്‍ വിശ്രമിക്കുകയായിരുന്നു അരവിന്ദം പാല്‍. അതേസമയം അവിടെയെത്തിയ വിശ്വാസ് തന്നെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് സംസാരിക്കുകയും ഇരുവരും തമ്മില്‍ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. ഇതിനിടയിലാണ് വിശ്വാസ് തന്റെ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് മാനേജറിന് നേരെ നിറയൊഴിച്ചത്. മാനേജര്‍ക്ക് നേരെ അഞ്ച് തവണയാണ് ഇയാള്‍ വെടിയുതിര്‍ത്തത്.

എന്‍ഞ്ചിനീയറിംഗ് ബിരുദധാരിയായ വിശ്വാസ് കമ്പനിയിലെ എക്സിക്യൂട്ടീവ് മാനേജര്‍ കൂടിയാണ്. ഈ വര്‍ഷം ആദ്യം കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ വിശ്വാസിന്റെ അച്ചടക്ക രാഹിത്യം കണ്ടുപിടിച്ചതിനെ തുടര്‍ന്ന് നോട്ടീസ് പിരീഡ് നല്‍കി പുറത്താക്കുകയും ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായ പ്രകോപനം. തുടര്‍ന്ന് നിരന്തരം തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസ് ഓഫീസില്‍ വരികയും തന്നെ തിരിച്ചെടുത്തില്ലെങ്ങില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ഓഫീസിലെ മറ്റ് ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കി.

കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തടയാന്‍ ഓഫീസിലെ മറ്റ് ജീവനക്കാര്‍ ശ്രമിച്ചിരുന്നുവെങ്കിലും അവരുടെ നേര്‍ക്ക് വെടിയുതിര്‍ക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയ ശേഷം ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. കൊലക്കുറ്റത്തിന് വിശ്വാസിനെതിരെ കേസ് എടുത്ത പോലീസ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്.

Exit mobile version